കച്ചവട നഷ്ടം 80 ശതമാനമെന്ന് കോഴി കര്‍ഷകര്‍

Posted on: November 30, 2014 4:25 am | Last updated: November 29, 2014 at 11:26 pm

കൊച്ചി: പക്ഷിപ്പനി ഭീതി വ്യാപകമായതോടെ കച്ചവടം പ്രതിസന്ധിയിലായിരിക്കുകയാണെന്ന് കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്റ് ട്രേഡേഴ്‌സ് സമിതി ഭാരവാഹികള്‍ പറഞ്ഞു. 80 ശതമാനത്തോളം കച്ചവടമാണ് നഷ്ടമായിരിക്കുന്നത്. കിലോക്ക് 90 രൂപ വിലയുണ്ടായിരുന്ന കോഴി ഇറച്ചി ഇപ്പോള്‍ 50 രൂപക്കാണ് വില്‍ക്കുന്നത്. ഉത്പാദന ചെലവ് ഉള്‍പ്പെടെ കിലോക്ക് 70 രൂപയോളം കച്ചവടക്കാര്‍ക്ക് മുടക്കുള്ളപ്പോഴും 50 രൂപക്ക് വില്‍ക്കുന്നത് നഷ്ടത്തിന് ഇടയാക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ 10ലക്ഷത്തോളം കോഴികര്‍ഷകരും കച്ചവടക്കാരും ഇത് മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്. പക്ഷിപ്പനി സംബന്ധിച്ച് ജനങ്ങള്‍ക്കുണ്ടായിട്ടുള്ള അകാരണമായ ഭീതി അകറ്റുന്നതിനും കോഴികര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും ബോധവത്കരണം നടത്തുന്നതിനുമായി പഠനക്ലാസും സെമിനാറും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഡിസംബര്‍ 1ന് എറണാകുളം ഇടപ്പള്ളി ഹൈവേഗാര്‍ഡന്‍ ഹോട്ടലില്‍ നടക്കുന്ന സെമിനാര്‍ പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്റ് ട്രേഡേഴ്‌സ് സമിതി പ്രസിഡന്റ് ബിന്നി ഇമ്മട്ടി ഉദ്ഘാടനം ചെയ്യും.
സെമിനാറില്‍ പൂക്കോട് വെറ്ററിനറി യൂനിവേഴ്‌സിറ്റി ഡയരക്ടര്‍ ഡോ. സേതുമാധവന്‍ കോഴികളിലെ പക്ഷിപ്പനിയെക്കുറിച്ച് പഠനറിപ്പോര്‍ട്ട് അവതരിപ്പിക്കും.