Connect with us

Kerala

കസ്റ്റഡി മരണം: കൂടുതല്‍ അറസ്റ്റിന് സാധ്യത

Published

|

Last Updated

കൊല്ലം:മോഷ്ടാവെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട സംഭവത്തില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാധ്യത. അന്നത്തെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന രാജ്കുമാര്‍, പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന അജിത് കുമാര്‍, കൃത്യം നടന്ന ദിവസത്തെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആയിരുന്ന അഡീഷനല്‍ എസ് ഐ ബാബു എന്നിവര്‍ സംഭവത്തില്‍ ഉത്തരവാദികളാണെും ഇവരുടെ കൃത്യവിലോപവും നിരുത്തരവാദപരമായ പ്രവൃത്തികളും ഗുരുതരമാകയാല്‍ ഇനി പോലീസ് കസ്റ്റഡിയില്‍ മൂന്നാംമുറ പ്രയോഗവും മനുഷ്യാവകാശ ലംഘനവും ഒഴിവാക്കാന്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അഡീഷനല്‍ സെഷന്‍സ് ജഡ്ജ് കെ എസ് ശരത്ചന്ദ്രന്‍ വിധി ന്യായത്തില്‍ ഉത്തരവിട്ടു. നടപടിക്കായി കോടതി വിധിയുടെ പകര്‍പ്പ് ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് അയച്ചിട്ടുണ്ട്.

കേസിലെ പ്രോസിക്യൂഷന്‍ 16-ാം സാക്ഷി സി ഐ രാജ്കുമാര്‍ വിചാരണ വേളയില്‍ തന്റെയും എസ് ഐയുടെയും കീഴില്‍ ഒരു ക്രൈം സ്‌ക്വാഡ് താന്‍ ചാര്‍ജെടുക്കുന്ന സമയത്ത് നിലവിലുണ്ടായിരുന്നുവെന്നും ഈ സ്‌ക്വാഡിന് തുടരാന്‍ താന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നതായി മൊഴി നല്‍കിയിരുന്നു. 16-ാം സാക്ഷി രാജേന്ദ്രനെ ചോദ്യം ചെയ്തില്ലെങ്കിലും ചോദ്യം ചെയ്യാന്‍ രണ്ടാം പ്രതിക്ക് അനുമതി നല്‍കി.
പ്രോസിക്യൂഷന്‍ 19-ാം സാക്ഷി പ്രിന്‍സിപ്പല്‍ എസ് ഐ അജിത്കുമാര്‍, ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിലവിലുണ്ടായിരുന്ന ക്രൈം സ്‌ക്വാഡിലെ അംഗങ്ങളില്‍ രണ്ടു പേര്‍ തന്റെ നിയന്ത്രണത്തിലാണെന്ന് മൊഴി നല്‍കിയിരുന്നു. സി ഐയും പ്രിന്‍സിപ്പല്‍ എസ് ഐയും ക്രൈം സ്‌ക്വാഡില്‍പ്പെട്ടവര്‍ക്ക് പ്രത്യേകം ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയിരുന്നു. അവര്‍ യൂനിഫോം ധരിക്കുകയോ പാറാവ് ഡ്യൂട്ടി ചെയ്യുകയോ ഔദ്യോഗിക നോട്ടുബുക്ക് സൂക്ഷിക്കുകയോ ചെയ്യാറില്ലെന്നത് വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്.
നിയമവിരുദ്ധമായ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നത് സി ഐ യുടെയും പ്രിന്‍സിപ്പല്‍ എസ് ഐയുടെയും അഡീഷനല്‍ എസ് ഐ ബാബുവിന്റേയും നേരിട്ടുള്ള അറിവിലും സമ്മതത്തിലും ആയിരുന്നു. ഈ നിയമവിരുദ്ധമായ ആനുകൂല്യങ്ങളാണ് നിരപരാധിയായ ഒരു 37 കാരന്റെ ദാരുണമായ അന്ത്യത്തിന് വഴിയൊരുക്കിയതെന്നും വിധി ന്യായത്തില്‍ പറയുന്നു. ആയതിനാല്‍ സി ഐ, പ്രിന്‍സിപ്പല്‍, എസ്‌ഐ അഡീഷനല്‍ എസ് ഐ എന്നിവര്‍ക്കെതിരെ നടപടി എടുക്കേണ്ടത് അത്യാവശ്യമാണെന്നും വിധിന്യായത്തില്‍ വ്യക്തമാക്കി.