എ ടി എമ്മിലേക്ക് കൊണ്ടുവന്ന ഒന്നരക്കോടി കവര്‍ന്നു

Posted on: November 29, 2014 4:35 pm | Last updated: November 29, 2014 at 11:12 pm

North_Delhi_robbery_650
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ പട്ടാപ്പകല്‍ വന്‍ കൊള്ള. എ ടി എമ്മില്‍ നിറയ്ക്കാനായി കൊണ്ടുവന്ന ഒന്നര കോടി രൂപ ബൈക്കില്‍ എത്തിയ സംഘം കവര്‍ന്നു. ഡല്‍ഹി സര്‍വകലാശാലക്ക് സമീപമുള്ള തിരക്കേറിയ കമലാ നഗര്‍ മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. സുരക്ഷാ ജീവനക്കാരനെ വെടിവെച്ചു വീഴ്ത്തിയ ശേഷമാണ് പണവുമായി മോഷ്ടാക്കള്‍ കടന്നത്. ബംഗ്ലാവ് റോഡിലുള്ള സ്വകാര്യ ബേങ്കിന്റെ എ ടി എമ്മില്‍ പണം നിറയ്ക്കാന്‍ നിര്‍ത്തിയപ്പോഴാണ് ബൈക്കിലെത്തിയ അജ്ഞാതരായ രണ്ട് പേര്‍ ആക്രമണം നടത്തിയത്.
പണവുമായി വന്ന വാനിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ജീവനക്കാരന് നേരെ രണ്ട് തവണ മോഷ്ടാക്കള്‍ വെടിയുതിര്‍ത്തു. തലക്ക് വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റ സുരക്ഷാ ജീവനക്കാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെടിവെപ്പിന് ശേഷം വാനിലുണ്ടായിരുന്ന ഒന്നരക്കോടി രൂപയുമായി മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. ആയുധങ്ങള്‍ വീശി ദൃക്‌സാക്ഷികളെ ഭയപ്പെടുത്തിയതായി പോലീസ് പറഞ്ഞു. വിവിധ എ ടി എമ്മുകളില്‍ നിറയ്ക്കാനുള്ള പണമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.
ദൃക്‌സാക്ഷികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. അക്രമികളെ തിരിച്ചറിയുന്നതിനായി പ്രദേശത്ത് സ്ഥാപിച്ച സി സി ടി വിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.