ഇറാഖില്‍ മുറിവേറ്റവര്‍ക്ക് യു എ ഇയില്‍ ചികിത്സ

Posted on: November 29, 2014 3:00 pm | Last updated: November 29, 2014 at 3:13 pm

അബുദാബി: ഇറാഖില്‍ യുദ്ധത്തില്‍ പരുക്കേറ്റവര്‍ക്കു യുഎഇയുടെ കാരുണ്യസ്പര്‍ശം. യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമാണിത്.
യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദിന്റെ നിര്‍ദേശപ്രകാരമാണു ഇറാഖില്‍ മുറിവേറ്റു കഴിയുന്നവര്‍ക്കു ചികിത്‌സാ സഹായം. ഇറാഖിലെ സാമൂഹിക സാഹചര്യം വഷളായ ദിനം മുതല്‍ അവിടുത്തെ ജനങ്ങള്‍ക്കു ആവശ്യമായ വൈദ്യസഹായവും സാമ്പത്തിക സഹായവും രാജ്യം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ജനങ്ങളുടെ മാനുഷികമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സാന്ത്വനപ്പെടുത്തുന്നതിനുമാണ് സ്ത്രീകളും കുട്ടികളും യുവാക്കളും പ്രായമായവരുമടങ്ങുന്ന സംഘത്തെ പ്രത്യേക വിമാനത്തില്‍ അബുദാബിയിലെത്തിച്ചത്.
17 വയസുള്ള അബ്ദുല്‍നാസറിനു തലയോട്ടിക്കാണു പരുക്ക്. ഇറാഖിലെ ദൂഇശ പ്രദേശത്തുനിന്നാണു നാസര്‍ ചികിത്‌സക്കായി അബുദാബിയിലെത്തിയത്. മലാക് മാജിദ് എന്ന പതിനാലുകാരി ഇറാഖിലെ ദയാലി പ്രവിശ്യക്കാരിയാണ്. ചികിത്‌സക്കുള്ള സൗകര്യങ്ങളും സാഹചര്യങ്ങളും ഇല്ലാതായ ജന്‍മനാട്ടില്‍ നിന്ന് യു എഇയിലെത്തിയ മലാക് നന്മ നിറഞ്ഞ യു എ ഇയുടെ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും നന്ദി പ്രകാശിപ്പിച്ചു.