Connect with us

Gulf

പെയ്ഡ് പാര്‍ക്കിംഗ് മേഖല വ്യാപിപ്പിക്കുന്നു

Published

|

Last Updated

ദുബൈ: നഗരത്തിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് പെയ്ഡ് പാര്‍ക്കിംഗ് മേഖല വ്യാപിപ്പിക്കുന്നു. ഖിസൈസ് ഒന്ന്, മുഹൈസിനയുടെ ചില ഭാഗങ്ങള്‍ എന്നിവയാണ് പെയ്ഡ് പാര്‍ക്കിംഗ് മേഖലയാക്കാന്‍ ആര്‍ ടി എ തീരുമാനിച്ചിരിക്കുന്നത്. അടുത്ത മാസം മുതല്‍ ഈ മേഖലയില്‍ പാര്‍ക്ക് ചെയ്യാന്‍ വാഹന ഉടമകള്‍ പാര്‍ക്കിംഗ് ഫീസ് നല്‍കേണ്ടി വരും. ഇവിടങ്ങളില്‍ മതിയായ പാര്‍ക്കിംഗ് സൗകര്യം ലഭ്യമല്ലാത്തതിനാലാണ് ആധുനിക രീതിയിലുള്ള പാര്‍ക്കിംഗ് സംവിധാനം വ്യാപിപ്പിക്കാന്‍ ആര്‍ ടി എ തീരുമാനിച്ചിരിക്കുന്നതെന്ന് പാര്‍ക്കിംഗ് വിഭാഗം ഡയറക്ടര്‍ ആദില്‍ അല്‍ മര്‍സൂഖി വ്യക്തമാക്കി. ഈ മേഖലയില്‍ എത്രത്തോളം പാര്‍ക്കിംഗ് സ്ഥലങ്ങളാണ് വേണ്ടതെന്ന് ആര്‍ ടി എ പഠനം നടത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ക്കിംഗ് സ്ഥലം സജ്ജമാക്കുന്നത്.
നിലവില്‍ ഈ രണ്ടു മേഖലകളിലും പാര്‍ക്കിംഗ് അന്വേഷിച്ച് ആളുകള്‍ക്ക് ഏറെനേരം കറങ്ങേണ്ടുന്ന സ്ഥിതിയാണ്. ഇതിന് പൂര്‍ണമായും പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. താമസ കേന്ദ്രങ്ങളും വാണിജ്യ സ്ഥാപനങ്ങളും ഇടകലര്‍ന്ന പ്രദേശമാണിവ. താമസക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത രീതിയിലാണ് പാര്‍ക്കിംഗ് മേഖല ക്രമീകരിക്കുക. പാര്‍ക്കിംഗ് മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിനൊപ്പം സന്ദര്‍ശകരായി മേഖലകളില്‍ എത്തുന്നവര്‍ക്ക് മതിയായ സൗകര്യം ഏര്‍പെടുത്തുക കൂടിയാണ് ആര്‍ ടി എ ചെയ്യുന്നത്. അല്‍ ഖൂസ്, അല്‍ സുഫൂഹ്, അല്‍ ബാദ, ഗ്രീന്‍സ് തുടങ്ങിയ മേഖലകളിലും അടുത്തിടെ ആര്‍ ടി എ പെയ്ഡ് പാര്‍ക്കിംഗ് മേഖല ആരംഭിച്ചിരുന്നു. അടുത്ത വര്‍ഷം ആദ്യത്തില്‍ ടീകോം ജില്ലയും പെയ്ഡ് പാര്‍ക്കിംഗ് മേഖലയായി മാറും. നിലവില്‍ ഇവിടെ കടുത്ത പാര്‍ക്കിംഗ് ക്ഷാമമാണ് അനുഭവപ്പെടുന്നതെന്ന് അല്‍ മര്‍സൂഖി പറഞ്ഞു.

Latest