Connect with us

Kollam

കേസില്‍ നിര്‍ണായകമായത് സഹപ്രവര്‍ത്തകരുടെ മൊഴി

Published

|

Last Updated

കൊല്ലം: രോജേന്ദ്രന്‍ കസ്റ്റഡി മരണക്കേസില്‍ നിര്‍ണായകമായത് സഹ പ്രവര്‍ത്തകരുടെ മൊഴി. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് വിസ്തരിച്ച 37 സാക്ഷികളില്‍ 34 പേര്‍ പോലീസുകാരായിരുന്നു. ഇതില്‍ അഞ്ച് പോലീസുകാര്‍ വിചാരണക്കിടെ കൂറുമാറിയെങ്കിലും പോലീസ് സ്‌റ്റേഷനിലെ ജനറല്‍ ഡയറിയും ഔദ്യോഗിക നോട്ടുബുക്കുകളും പ്രധാന തെളിവുകളായി. എന്നാല്‍ കേസില്‍ നിര്‍ണായക തെളിവായത് സംഭവം നടക്കുമ്പോള്‍ സ്‌റ്റേഷനിലുണ്ടായിരുന്ന ജി ഡി ചാര്‍ജ് പവിഴസേനന്റെയും പാറാവുകാരന്‍ ആന്‍ഡ്രൂസിന്റെയും മൊഴിയായിരുന്നു. ദൃക്‌സാക്ഷികളില്ലാത്ത അരുംകൊലയ്ക്ക്് പ്രോസിക്യൂഷന്‍ ഭാഗത്തിന് ശക്തിപകര്‍ന്നത് സാക്ഷികളായ ഈ പോലീസുകാരുടെ തന്നെ മൊഴിയാണ്.
ഈസ്റ്റ് സ്റ്റേഷന്‍ വളപ്പിലെ പോലീസ് മ്യൂസിയത്തിനുള്ളില്‍ ആരെയോ ഇടിക്കുന്ന ശബ്ദം കേട്ടെന്ന് കസ്റ്റഡി മരണം നടന്ന ദിവസം പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആന്‍ഡ്രൂസ് കോടതി മുമ്പാകെ വെളിപ്പെടുത്തി. ആറാം സാക്ഷിയ ആന്‍ഡ്രൂസ് ഇപ്പോള്‍ എ എസ് ഐയാണ്. രാജേന്ദ്രനെ ചോദ്യംചെയ്യാന്‍ കൊണ്ടുപോകുമ്പോള്‍ ആരോഗ്യവാനായിരുന്നു. രണ്ടരയോടെ ഊണിനുശേഷം മ്യൂസിയത്തിന്റെ മതിലിനടുത്ത് എത്തുമ്പോള്‍ അകത്ത് ആരെയോ ഇടിക്കുന്ന ശബ്ദം കേട്ടു. രാജേന്ദ്രനെയാണോയെന്ന് അറിയാന്‍ അകത്തുകയറി നോക്കി. സിമന്റ് തറയില്‍ രണ്ടുകാലും നീട്ടി രാജേന്ദ്രന്‍ ഇരിക്കുന്നത് കണ്ടു. ഇടിച്ചത് രാജേന്ദ്രനെത്തന്നെയാണെന്ന് മനസ്സിലായി. ആരോഗ്യവാനായിരുന്ന രാജേന്ദ്രനെ മൂന്നരയോടെ രണ്ടാംപ്രതി വേണുഗോപാല്‍ താങ്ങിയാണ് കൊണ്ടുവന്നതെന്നും പരസഹായമില്ലാതെ രാജേന്ദ്രന് നടക്കാനാവില്ലായിരുന്നെന്നും ജി ഡി ചാര്‍ജ്ജുകാരനായിരുന്ന പവിഴസേനന്‍ മൊഴി നല്‍കിയിരുന്നു. ഇയാള്‍ക്കെതിരെ മൂന്ന് കഞ്ചാവ് കേസുണ്ടെന്ന് വേണു പറഞ്ഞു. പാന്റ്‌സും ഷര്‍ട്ടും അഴിച്ചുമാറ്റിയശേഷം സെല്ലിന്റെ ഭിത്തിയില്‍ രാജേന്ദ്രനെ ചാരിയിരുത്തി. ആറേകാലിന് രാജേന്ദ്രന്‍ അവശനാണെന്ന് പാറാവിലുണ്ടായിരുന്ന സണ്ണിയാണ് പറഞ്ഞത്. ഇക്കാര്യം മേലുദ്യോഗസ്ഥനായ ബാബുവിനെ അറിയിച്ചു. അരമണിക്കൂറിനുശേഷം രാജേന്ദ്രനെ കൈലി ഉടുപ്പിച്ച് ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി. തുടര്‍ന്ന് രാജേന്ദ്രന്‍ മരിച്ചതായി വിവരം കിട്ടിയെന്നും പവിഴസേനന്‍ മൊഴി നല്‍കി. രാജേന്ദ്രനെ സ്റ്റേഷനില്‍ കൊണ്ടുവരുമ്പോള്‍ ആരോഗ്യവാനായിരുന്നെന്ന് അഡീഷണല്‍ എസ് ഐ ബാബുവും പറഞ്ഞിരുന്നു. ചോദ്യംചെയ്ത ശേഷം തിരികെ കൊണ്ടുവരുമ്പോള്‍ രാജേന്ദ്രന്‍ അവശനായിരുന്നെന്ന് പാറവ്കാരന്‍ നല്‍കിയ മൊഴിയും കേസില്‍ നിര്‍ണായകമായി.

Latest