Connect with us

Kollam

കാക്കിയിട്ട ക്രൂരതക്ക് ജീവപര്യന്തം ശിക്ഷ

Published

|

Last Updated

കൊല്ലം: കാക്കിയിട്ട പോലീസിന്റെ ക്രൂരതക്ക് ജീവപന്ത്യത്തിലൂടെ കോടതിയുടെ താക്കീത്. 2005 ഏപ്രില്‍ ആറിനാണ് കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര കാടാകുളം രാജ്‌നിവാസില്‍ രാജേന്ദ്രനെ(37) നഗരത്തിലെ ശങ്കേഴ്‌സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയ കേസില്‍ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്.

കേവലം സംശയത്തിന്റെ പേരില്‍ മാത്രം ആശുപത്രിയിലെ സെക്യൂരിറ്റികളും മറ്റും തടഞ്ഞുവെച്ച രാജേന്ദ്രനെ അന്നേദിവസം ഉച്ചയോടെയാണ് കണ്‍ട്രോള്‍ റൂം എ എസ് ഐ സദാനന്ദനും സംഘവും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. തുടര്‍ന്ന് സ്റ്റേഷനിലെ എസ് എച്ച് ഒ ബാബുവിനെ ഏല്‍പിച്ചു. ഇദ്ദേഹം രാജേന്ദ്രനെ ചോദ്യംചെയ്യാന്‍ പോലീസുകാരായ ജയകുമാറിനും വേണുഗോപാലിനും കൈമാറി. പിന്നീട് സംഭവിച്ചതെല്ലാം കേരളാ പോലീസിന്റെ ചരിത്രത്തെ തന്നെ നാണം കെടുത്തുന്ന കാര്യങ്ങളായിരുന്നു.
ഉച്ചക്ക് 2.15ന് ലോക്കപ്പില്‍ നിന്നും രാജേന്ദ്രനെ ഈസ്റ്റ് സ്റ്റേഷന്‍ വളപ്പിലെ പോലീസ് മ്യൂസിയത്തിലേക്ക് ഇരുവരും ചേര്‍ന്ന് കൂട്ടിക്കൊണ്ട് പോയി. ആരോഗ്യവാനായി നടന്ന് മ്യൂസിയത്തിലേക്ക് പോയ രാജേന്ദ്രനെ 3.30 ന് താങ്ങിയെടുത്ത് ലോക്കപ്പിലേക്ക് കൊണ്ടുവരുന്നു.
അവശനായ രാജേന്ദ്രന്റെ ദേഹത്ത് 15ലധികം മാരകമായ മുറിവുകള്‍. മോഷണക്കുറ്റത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത രാജേന്ദ്ര മോഷണ കുറ്റം സമ്മതിക്കാതെ വന്നതോടെ പോലീസുകാര്‍ മൂന്നാംമുറ പ്രയോഗം നടത്തി. പോലീസുകാരുടെ ക്രൂരമായ മര്‍ദ്ദനത്തിനിരയായ രാജേന്ദ്രന്റെ തലക്ക് പിന്നില്‍ ആഴത്തിലുള്ള മൂന്ന് മുറിവാണിണ്ടായിരുന്നത്. നട്ടെല്ലിന്റെ കശേരുക്കളും തകര്‍ന്നു. ഇടിയേറ്റ് അവശനായ രാജേന്ദ്രനെ മ്യൂസിയത്തിലെ ടാങ്കില്‍ കുളിപ്പിക്കും തുടര്‍ന്ന് വീണ്ടും കുറ്റം സമ്മതിപ്പിക്കാനായി മര്‍ദ്ദനം നടത്തും.
കണ്ണില്‍ ചോരയില്ലാത്ത ക്രൂരതക്ക് ഇരയായ രാജേന്ദ്രന്‍ വൈകീട്ട് 6.15നോടെ അവശനായെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന പാറാവുകാരനോട് കുടിവെള്ളം ചോദിച്ചു…
എന്നാല്‍ അല്‍പ്പസമയത്തിനകം പോലീസുകാര്‍ തല്ലിച്ചതച്ച രാജേന്ദ്രനിലെ ജീവന്റെ തുടിപ്പ് നിശ്ചലമായി. ഉടന്‍ തന്നെ രാജേന്ദ്രന്റെ മൃതദേഹവുമായി പോലീസുകാര്‍ ജില്ലാ ആശുപത്രിയിലേക്ക് പാഞ്ഞു. പിന്നീട് രക്ഷപെടാനുള്ള നീക്കങ്ങള്‍ ആസൂത്രണം ചെയ്യുന്നു.
ഇതിനായി ആശുപത്രിയില്‍ വെച്ചാണ് രാജേന്ദ്രന്‍ മരിച്ചതെന്ന് പോലീസുകാര്‍ ആദ്യം വാദിച്ചു. എന്നാല്‍ മരിച്ച ശേഷമാണ് രാജേന്ദ്രനെ പോലീസ് ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെ പോലീസുകാര്‍ കുറ്റക്കാരാകുന്നു. ജീവിച്ചിരിക്കുമ്പോള്‍ ഒരു പെറ്റിക്കേസില്‍പോലും പ്രതിയാക്കപ്പെടാതിരുന്ന രാജേന്ദ്രന്‍ കുറ്റക്കാരനല്ലെന്ന് അദ്ദേഹത്തിന്റെ മരണ ശേഷം കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന് ബോധ്യപ്പെട്ടു.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഷാജഹാന്‍ എന്നയാളുടെ മൊബൈല്‍മോഷ്ടിച്ച കേസിലാണ് രാജേന്ദ്രനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ കസ്റ്റഡി മരണം ആദ്യം അന്വഷിച്ച ക്രൈംബ്രഞ്ച് ഡി വൈ എസ് പി അബ്ദുല്‍ സലാം മോഷണക്കേസ് വ്യാജമാണെന്ന് കണ്ടെത്തി.
രാജേന്ദ്രന്റെ കൈയില്‍ നിന്ന് കണ്ട്കിട്ടിയ മൊബൈല്‍ ഫോണ്‍ തന്റേതല്ലെന്നും മറ്റൊരു കമ്പനിയുടെതാണ് തന്റെ മൊബൈലെന്നും ഷാജഹാന്‍ തിരിച്ചറിഞ്ഞതോടെയാണ് മരണത്തിന് ശേഷവും രാജേന്ദ്രന്റെ പേരിലുള്ള മോഷണക്കുറ്റം പോലീസ് റദ്ദാക്കിയത്.

Latest