‘അവന്‍മാര്‍ എന്റെ മോനെ ഇത്ര നീചമായി കൊന്നുകളഞ്ഞല്ലോ…! ‘

Posted on: November 29, 2014 1:41 pm | Last updated: November 29, 2014 at 1:41 pm

കൊട്ടാരക്കര: വാര്‍ദ്ധക്യത്തിന്റെ അവശതയിലും മകന്റെ കൊലയാളികള്‍ക്ക് അര്‍ഹമായ ശിക്ഷകിട്ടിയ ആശ്വസത്തിലാണ് രാജമ്മ(80).
‘നിരപരാധിയായ എന്റെ പൊന്നുമോനെ അവന്‍മാര്‍ ഇത്ര നീചമായി കൊന്നുകളഞ്ഞല്ലോ! കാക്കിയിട്ടവര്‍ക്ക് എന്തുമാകാമെന്ന തോന്നലായിരുന്നു അവന്‍മാര്‍ക്കെങ്കില്‍, അവന്‍മാര്‍ക്ക് ശിക്ഷകിട്ടും വരെ എന്റെ കണ്ണടയരുതേയെന്ന പ്രാര്‍ത്ഥന മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ’ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട രാജേന്ദ്രന്റെ മാതാവ് രാജമ്മയുടേതാണ് രോക്ഷവും സങ്കടവും നിറഞ്ഞ ഈ വാക്കുകള്‍. കൊട്ടാരക്കര കലയപുരം അന്തമണ്‍ കളപ്പില തെക്കതില്‍ വീട്ടില്‍ മകള്‍ സുജാതയോടൊപ്പമാണ് രാജമ്മ ഇപ്പോള്‍ താമസിക്കുന്നത്. പരാശ്രയം കൂടാതെ നടക്കാന്‍ കഴിയില്ലെങ്കിലും ഓര്‍മക്കും സംസാരത്തിനുമൊന്നും യാതൊരു ബുദ്ധിമുട്ടും രാജമ്മക്കില്ല. താമരക്കുടിയില്‍ താമസിച്ചിരുന്ന രാജേന്ദ്രന്‍ കൊട്ടാരക്കര കാടാംകുളത്ത് വീട് വാങ്ങി അമ്മയോടൊപ്പം താമസം തുടങ്ങി ഒരു മാസമെത്തിയപ്പോഴായിരുന്നു രാജേന്ദ്രന്റെ ദുര്‍വിധി. ആറ് മക്കളുള്ള രാജമ്മക്ക് രാജേന്ദ്രനായിരുന്നു അന്നുവരെ ആശ്രയം. കൊല്ലത്തെ പോലീസുകാര്‍ക്ക് തന്റെ മോനോട് എങ്ങനെ ഇത്ര ക്രൂരതമായിപ്പെരുമാറാന്‍ തോന്നിയെന്നാണ് എന്‍പത് പിന്നിട്ട ് ഈ വൃദ്ധ മാതാവിന്റെ മനസില്‍ ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നത്. മകന്‍ മരണപ്പെട്ടത് മുതല്‍ രാജമ്മക്ക് ഒരു പ്രാര്‍ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ..ആരൊക്കെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചുവോ അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടണം. ഊണിലും ഉറക്കത്തിലും രാജമ്മയുടെ പ്രാര്‍ഥന ഇതായിരുന്നു. പ്രാര്‍ഥനയുടെ ഫലം കണ്ടെങ്കിലും തന്റെ മകന്റെ വേര്‍പാട് നല്‍കിയ വേദന ആ കണ്ണുകളില്‍ പ്രകടമായിരുന്നു.
മകന്റെ ഘാതകര്‍ക്ക് നിയമപോരാട്ടത്തിലൂടെ ശിക്ഷ വാങ്ങി നല്‍കിയ അഭിഭാഷകനും വിധി പറഞ്ഞ ന്യായാധിപനും നൂറ് വാക്കുകളില്‍ നന്ദി പറഞ്ഞു.