Connect with us

Thrissur

തീരദേശ മേഖലയില്‍ വട്ടിപ്പലിശ സംഘങ്ങള്‍ സജീവം

Published

|

Last Updated

ചാവക്കാട്: ജില്ലയില്‍ വട്ടിപ്പലിശക്കാരുടെ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധനകള്‍ നടക്കുമ്പോഴും തീരദേശ മേഖലയിലെ ദാരിദ്രം മുതലെടുത്ത് വട്ടിപ്പലിശ സംഘങ്ങള്‍ പിടിമുറുക്കുന്നു.
മത്സ്യലഭ്യത കുറവുമൂലം പട്ടിണിയിലായ തീരദേശത്തെ വീടുകള്‍ കേന്ദ്രീകരിച്ചാണ് തമിഴ് വട്ടിപ്പലിശ സംഘങ്ങളും, പ്രദേശ വാസികളായ വട്ടി പലിശ സംഘങ്ങളും വ്യാപകമായിട്ടുള്ളത്. രണ്ട് ചെക്കു ലീഫുകളും സ്വന്തം പേരില്‍ വാങ്ങിയ 50 രൂപയുടെ മുദ്ര പത്രവുമുണ്ടെങ്കില്‍ പണം പലിശക്ക് ലഭിക്കും. തമിഴ് സംഘങ്ങള്‍ക്കു പുറമെ ചില പ്രദേശവാസികളും വന്‍ തുകകള്‍ കൊള്ളപ്പലിശക്ക് നല്‍കി വരുന്നുണ്ട്.
ആദ്യം ചെറിയ സംഖ്യകള്‍ വായ്പ നല്‍കുന്ന തമിഴ് സംഘം ഇതിന്റെ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് കൂടുതല്‍ വലിയ തുകകള്‍ നല്‍കി കെണിയില്‍ വീഴ്ത്തുകയാണ് ചെയ്യുക. തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ നിരവധി ഗ്രൂപ്പുകളായി തിരിഞ്ഞ് തീരദേശത്തെ വിവിധ പ്രദേശങ്ങളിലെത്തി പണം നല്‍കുകയാണ് ചെയ്യുന്നത്. ചാവക്കാട്, പുന്നയൂര്‍ക്കുളം, പുന്നയൂര്‍, വടക്കേകാട് മേഖലകളിലാണ് വട്ടി പലിശ സംഘങ്ങള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തമിഴ് സംഘങ്ങള്‍ അഞ്ച് ലക്ഷം വരെ തുക പലിശക്കു നല്‍കുമ്പോള്‍ പ്രദേശവാസികളായവര്‍ 25 ലക്ഷം വരെ തുക പലിശക്ക് നല്‍കുന്നുണ്ട്. ബേങ്കില്‍ നിന്നും വായ്പ ലഭിക്കാനുള്ള നൂലാമാലകളും നടപടി ക്രമങ്ങളുമൊക്കേയാണ് ആവശ്യക്കാരെ വട്ടി പലിശ സംഘങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പ്രധാന കാരണം. എന്നാല്‍ വായ്പയെടുത്ത തുകയും പകുതിയിലധികം തുക പലിശയായും തിരിച്ചടച്ചിട്ടും പലരും കടക്കെണിയിലാണ് കഴിയുന്നത്.
തീരദേശ മേഖലയില്‍ സജീവമായ വട്ടപ്പലിശ സംഘത്തിനെതിരെ ശക്തമായ നടപടികളെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Latest