മുന്‍കരുതല്‍ ശക്തമാക്കും; നഷ്ടപരിഹാരം ഉടന്‍

Posted on: November 29, 2014 12:44 am | Last updated: November 28, 2014 at 11:45 pm

തിരുവനന്തപുരം: മനുഷ്യരിലേക്ക് പടരുന്ന വൈറസാണ് ആലപ്പുഴയില്‍ പക്ഷിപ്പനിക്ക് ഇടയാക്കിയതെന്ന് വ്യക്തമായ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. പക്ഷിപ്പനി കാരണം ചത്തൊടുങ്ങുന്നതും കൊല്ലേണ്ടിവരുന്നതുമായ താറാവ്, കോഴി മുതലായവയുടെ ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരത്തുക ഉടന്‍ നല്‍കാനും നടപടിയെടുക്കും. മറ്റു ജില്ലകളിലേക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും നിര്‍ദേശം നല്‍കി.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്ന് ലക്ഷം ഗുളികകള്‍ ടെന്‍ഡര്‍ നടപടികളിലൂടെ വാങ്ങി സൂക്ഷിക്കും. മുപ്പതിനായിരം ഗുളികകള്‍ സംസ്ഥാനത്ത് ഇന്നെത്തും. അമ്പതിനായിരം ഗുളികകള്‍ ഒരാഴ്ചക്കകം നിര്‍മിച്ചു നല്‍കണമെന്ന് മരുന്ന് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായി യോഗത്തിനു ശേഷം ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. സംസ്ഥാനത്ത് പക്ഷികളെ കൊല്ലുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നല്‍കാനുള്ള മരുന്നുകളെല്ലാം ലഭ്യമാണ്. ഇന്നലെ ഉച്ചയോടെ 4,500 ഗുളികകള്‍ നല്‍കി. 1,395 ഗുളികകള്‍ കരുതിയിട്ടുണ്ട്.
പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കാവശ്യമായ സാമഗ്രികളടങ്ങിയ പതിനായിരം കിറ്റുകള്‍ സംസ്ഥാനത്ത് ലഭ്യമാണ്. പതിനായിരം കിറ്റുകള്‍ക്കൂടി വാങ്ങി സൂക്ഷിക്കും.
താറാവുകളുമായി അടുത്തിടപഴകിയ രണ്ട് പേരുടെ സ്രവങ്ങള്‍ പരിശോധനക്കായി ലാബിലേക്കയച്ചിട്ടുണ്ട്. എന്നാല്‍, പക്ഷിപ്പനി സംശയത്തിന്റെ പേരിലല്ല, സാമ്പിളുകള്‍ പരിശോധനക്ക് അയച്ചത്. അഞ്ച് പേരടങ്ങുന്ന 44 സംഘത്തെയാണ് താറാവുകളെയും കോഴികളെയും കൊല്ലുന്നതിനായി നിയോഗിച്ചിരിക്കുന്നത്.
ആലപ്പുഴയില്‍ അമ്പത് പേരും പത്തനംതിട്ടയില്‍ പത്തും കോട്ടയത്ത് പതിനഞ്ച് പേരുമടങ്ങുന്ന സംഘത്തെ വീണ്ടും അയക്കും. 245 പേരടങ്ങുന്ന സംഘത്തെ ആവശ്യമായ ഘട്ടത്തില്‍ വിന്യസിക്കുന്നതിനായി സജ്ജരാക്കിയിട്ടുണ്ട്. എന്നാല്‍, ഇത്തരം സംഘങ്ങളുടെ ശ്രദ്ധയില്‍പ്പെടാതെ താറാവുകള്‍ ചത്തുകിടക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനായി നാട്ടുകാരെ ഉള്‍പ്പെടുത്തി പ്രത്യേക നിരീക്ഷണ സംഘവും രൂപവത്കരിച്ചതായി മന്ത്രി വ്യക്തമാക്കി.
കൊല്ലുന്ന താറാവുകള്‍ക്ക് മാത്രമേ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം നല്‍കാന്‍ ഇപ്പോള്‍ കഴിയൂ. നേരത്തെ ചത്തവക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യം പിന്നീട് പരിഗണിക്കും. ഇതിന്റെ വ്യക്തമായ കണക്കെടുപ്പുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അടുത്ത അവലോകനയോഗം നാളെ വൈകീട്ട് ആറ് മണിക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേരുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
ആരോഗ്യ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റുകളിലും ജില്ലാ ആസ്ഥാനങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. പക്ഷിപ്പനിബാധിത പ്രദേശങ്ങളിലെ പഞ്ചായത്തുകള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കൂടി കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷന്‍, ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി സുബ്രത ബിശ്വാസ്, എന്‍ ആര്‍ എച്ച് എം ഡയറക്ടര്‍ മിന്‍ഹാജ് ആലം, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. പി കെ ജമീല, എച്ച്5 എന്‍1 നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍ പങ്കെടുത്തു.