Connect with us

Wayanad

റേഷന്‍ കാര്‍ഡ് പുതുക്കല്‍: ഫോട്ടോ എടുക്കല്‍ ഡിസംബര്‍ 17ന് ആരംഭിക്കും

Published

|

Last Updated

കല്‍പ്പറ്റ: ദേശീയ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം നിലവിലുള്ള റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്നതിനുള്ള നടപടികള്‍ ജില്ലയില്‍ ആരംഭിച്ചതായി ജില്ലാ കളക്ടര്‍ വി. കേശവേന്ദ്രകുമാര്‍ അറിയിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ സുരക്ഷ നിയമ പ്രകാരം കുടുംബത്തിലെ 18വയസ്സിന് മുകളില്‍ പ്രായമുള്ള വനിത അഗംത്തിനാണ് കാര്‍ഡ് അനുവദിക്കുക ഈ പ്രായത്തിലുള്ള വനിത അംഗമില്ലെങ്കില്‍ മുതിര്‍ന്ന പുരുഷ അംഗത്തിന്റെ പേരില്‍ കാര്‍ഡ് അനുവദിക്കും. റേഷന്‍കാര്‍ഡ് പുതുക്കലിന്റെ ആദ്യഘട്ട നടപടിയെന്ന നിലയില്‍ പ്രീ-പോപ്പുലേറ്റഡ് അപേക്ഷകള്‍ അതത് റേഷന്‍ കടകളിലൂടെ കാര്‍ഡുടമകളിലെത്തിക്കും. ഡിസംബര്‍ 1 മുതല്‍ ഫോറങ്ങള്‍ റേഷന്‍ കടകളിലൂടെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സിഡിറ്റിന്റെ നേതൃത്വത്തിലാണ് പരിശോധിക്കുക.ഫോറം വ്യക്തമായും കൃത്യമായും പൂരിപ്പിക്കുന്നതിന് കാര്‍ഡുടമകളെ സഹായിക്കുന്നതിനായി കുടുംബശ്രീ അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സ്ത്രീ ഗൃഹനാഥയായ കുടുംബം, അവിവാഹിതയായ അമ്മ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീ/വിധവ, മാരക രോഗങ്ങള്‍ സ്ഥിരീകരിച്ചവര്‍, സ്ഥിരവരുമാനം ഇല്ലാത്തവര്‍, 65 വയസ്സിന് മുകളില്‍ പ്രായമുള്ള വൃദ്ധര്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പട്ടികവര്‍ഗ്ഗ പട്ടികജാതി, കര്‍ഷക തൊഴിലാളികള്‍ തുടങ്ങിയ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് ബി.പി.എല്‍ കാര്‍ഡിന് മുന്‍ഗണന നല്‍കുക.
സംസ്ഥാനത്ത് 2011 ലെ സെന്‍സസ് പ്രകാരം 3.34 കോടി ജനങ്ങളില്‍ 1.548 കോടി ജനങ്ങളാണ് ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.നിലവിലുള്ള എ.എ.വൈ വിഭാഗക്കാരെ നിലനിര്‍ത്തി ശേഷിക്കുന്നവരെ കണ്ടെണ്‍ത്തുകയാണ് ലക്ഷ്യം. റേഷന്‍ കാര്‍ഡ് പുതുക്കലിന് ഗ്രാമ വികസനം, തദ്ദേശ സ്വയം ഭരണ വകുപ്പ്, സാമൂഹ്യ നീതി, വിദ്യാഭ്യാസ വകുപ്പ്, റവന്യു, സിഡിറ്റ്, എന്‍.ഐ.സി, ഐ.ടി. മിഷന്‍, അക്ഷയ, കുടുംബശ്രീ, തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. 2015 ജൂണ്‍ മുതല്‍ പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലാ സപ്ലൈ ഓഫീസര്‍ ജെ. രവീന്ദ്രന്‍, മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസര്‍ സി. രാജീവ്, സിഡിറ്റ് കോ ഓര്‍ഡിനേറ്റര്‍, അക്ഷയ കോ ഓര്‍ഡിനേറ്റര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍,താലൂക്ക് തല കോ ഓഡിനേറ്റര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Latest