നഗരസഭ: തിരൂരങ്ങാടിക്കും പരപ്പനങ്ങാടിക്കും വേണ്ടി ചരടുവലി

Posted on: November 28, 2014 10:14 am | Last updated: November 28, 2014 at 10:14 am

തിരൂരങ്ങാടി: താലൂക്കിലെ രണ്ട് പഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റിയാക്കുന്നതിന്നായി ചരടുവലി തകൃതിയില്‍. തിരൂരങ്ങാടി പഞ്ചായത്തിനും പരപ്പനങ്ങാടി പഞ്ചായത്തിനും വേണ്ടിയാണ് ഭരണ തലത്തിലും യുഡി എഫിലും ചരടുവലികള്‍ നടക്കുന്നത്.
യു ഡി എഫിലെ പ്രധാന പാര്‍ട്ടിയായ മുസ്‌ലിം ലീഗില്‍ ഈ പ്രശ്‌നത്തില്‍ പ്രാദേശിക ചേരിതിരവ് ഉയര്‍ന്നിരിക്കുകയാണ്. താലൂക്ക് ആസ്ഥാനമായ തിരൂരങ്ങാടിയില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും താലൂക്ക് ആശുപത്രിയുമുള്ളതിനാല്‍ തിരൂരങ്ങാടി പഞ്ചായത്ത് മുനിസിപ്പാലിറ്റിയാക്കി ഉയര്‍ത്തണമെന്നാണ് ഗ്രാമ പഞ്ചായത്ത് ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് യു ഡി എഫ് യോഗവും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതേസമയം പരപ്പനങ്ങാടി പഞ്ചായത്ത് മുനിസിപ്പാലിറ്റി ആക്കണമെന്ന് പരപ്പനങ്ങാടിക്കാര്‍ ആവശ്യപ്പെടുന്നു.
ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷന്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ ഉള്ളതിനാല്‍ ഇതിന് അര്‍ഹതയുണ്ടെന്നവര്‍ പറയുന്നു. സ്ഥലം എം എല്‍ എ കൂടിയായ വിദ്യാഭ്യാസ മന്ത്രിയുടെ നാടെന്ന നിലക്ക് അദ്ദേഹത്തിന് താല്‍പര്യം പരപ്പനങ്ങാടിയോടാണത്രെ. മന്ത്രിയുടെ അനുകൂല നിലപാടുണ്ടെങ്കില്‍ മാത്രമേ ഇത് സാധ്യമാവുകയൊള്ളു. എന്നാല്‍ പരപ്പനങ്ങാടിക്ക് ഇപ്പോള്‍ മാത്രമേ ഇത് നേടിയെടുക്കാന്‍ സാധിക്കുകയൊള്ളു. തിരൂരങ്ങാടിക്ക് താലൂക്ക് എന്ന പരിഗണനയില്‍ പിന്നീടും മുനിസിപ്പാലിറ്റിക്കുള്ള സാധ്യതയുണ്ടെന്ന് ഇവര്‍ പറയുന്നു. അതിനിടെ തിരൂരങ്ങാടി പഞ്ചായത്ത് വിഭജിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദം രൂക്ഷമായിരിക്കുകയാണ്. 15000 അംഗ ജനസംഖ്യയാണ് ഒരു പഞ്ചായത്തിന്റെ കണക്ക്. എന്നാല്‍ തിരൂരങ്ങാടിയില്‍ 2011ലെ സര്‍വേ അനുസരിച്ച് 59000 പേരാണ് ഇവിടെയുള്ളത്.
ഇതുപ്രകാരം തിരൂരങ്ങാടിയെ തിരൂരങ്ങാടി, തൃക്കുളം പഞ്ചായത്തുകളാക്കി ആലോചനവന്നുവെങ്കിലും തിരൂരങ്ങാടി ഭാഗത്താണ് യുഡിഎഫിലെ പ്രമുഖരെല്ലാം ഉള്ളത്. ഈ ഭാഗത്ത് വരുമാനം വളരെ ഇല്ലാത്ത മേഖലയുമാണ്. അതു കൊണ്ടാണത്രെ ഇത് സാധ്യമാവാത്തത്. എന്നാല്‍ വെന്നിയൂര്‍, ചുള്ളിപ്പാറ പ്രദേശങ്ങള്‍ തെന്നല പഞ്ചായത്തിലേക്ക് മാറ്റുന്നതിനെകുറിച്ച് ആലോചന വന്നിട്ടുണ്ട്.
എന്നാല്‍ ഇതിനെതിരെ ഈ ഭാഗത്തു നിന്ന് ശക്തമായ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. വെന്നിയൂര്‍, ചുള്ളിപ്പാറ, കരുമ്പില്‍ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി വെന്നിയൂര്‍ കേന്ദ്രമായി പുതിയ പഞ്ചായത്ത് രൂപവത്കരിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.