Connect with us

Malappuram

വയല്‍ നികത്തല്‍; വണ്ടൂര്‍ വില്ലേജ് ഓഫീസറെ ഉപരോധിച്ചു

Published

|

Last Updated

വണ്ടൂര്‍: വയല്‍ നികത്താന്‍ കൈക്കൂലി വാങ്ങി കൂട്ടുനിന്നുവെന്നാരോപിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വണ്ടൂര്‍ വില്ലേജ് ഓഫീസറെ ഉപരോധിച്ചു. കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തില്‍ ഫണ്ട് ചോദിച്ചത് കൊടുക്കാത്തതിലെ വിരോധം തീര്‍ത്തതാണ് ഉപരോധത്തിന് കാരണമെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചു. ഇതിനിടെ പോലീസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അപമാനിച്ചുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് കുത്തിയിരിപ്പ് സമരവും നടത്തി.
ഇന്നലെ രാവിലെ പതിനൊന്നരമുതല്‍ വൈകീട്ട് ആറ് വരെയാണ് വണ്ടൂരില്‍ ഇതെ ചൊല്ലി വിവിധ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വണ്ടൂര്‍-കാളികാവ് ബൈപ്പാസ് റോഡിനോട് ചേര്‍ന്നുള്ള വയലിലാണ് സ്വകാര്യ വ്യക്തി വയലില്‍ മണ്ണിട്ട് നികത്തി തുടങ്ങിയിട്ടുള്ളത്. ഇതിന് വില്ലേജ് ഓഫീസര്‍ കൈക്കൂലി വാങ്ങി അനുമതി നല്‍കിയിട്ടുണ്ടെന്ന് ആരോപിച്ചാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വില്ലേജ് ഓഫീസിലെത്തി അരമണിക്കൂറോളം ഓഫീസറെ ഉപരോധിച്ചത്.
തുടര്‍ന്ന് ഓഫീസ് ജീവനക്കാരും സമരക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഒടുവില്‍ സ്ഥലം എസ് ഐ അബ്ദുല്‍ഗഫൂര്‍ സ്ഥലത്തെത്തിയാണ് സമരക്കാരെ ഒഴിവാക്കിയത്. തുടര്‍ന്ന് എസ് ഐയും വില്ലേജ് ഓഫീസറും മണ്ണിട്ട വയല്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഇത് താന്‍ ചുമതലയേല്‍ക്കുന്നതിന് മുമ്പ് നികത്തപ്പെട്ടതാണെന്നും അടുത്തിടെ മണ്ണിട്ടതല്ലെന്നുമാണ് വില്ലേജ് ഓഫീസര്‍ അറിയിച്ചത്. ഉപരോധത്തിന് ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് എ പി ശിഹാബ്, മേഖലാ സെക്രട്ടറി ടി പ്രവീണ്‍, ഫിറോസ് മുതുരാന്‍, സുഫ്‌യാന്‍, അനീഷ് ബാബു, സഫീര്‍ നേതൃത്വം നല്‍കി. അതെസമയം ഓഫീസില്‍ കയറി ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും അസഭ്യം നടത്തിയെന്നുമുള്ള വില്ലേജ് ഓഫീസറുടെ പരാതിയില്‍ കണ്ടാലറിയുന്ന ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.
അതെസമയം വില്ലേജ് ഓഫീസറെ തരംതാഴ്ത്തുന്ന രീതിയില്‍ പോലീസ് ഇടപ്പെട്ടെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് കുത്തിയിരിപ്പ് സമരം നടത്തി. തുടര്‍ന്ന് ഡെപ്യൂട്ടി കലക്ടറുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് സമരം അവസാനിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ ടി അജ്മല്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഏമങ്ങാട് അബ്ദുസലാം, ബാബു സി റഹ്മത്തുല്ല, സി മുത്തു, കെ സുനില്‍ നേതൃത്വം നല്‍കി. ഗേള്‍സ് സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ഥികളെ ശല്യം ചെയ്ത ചിലര്‍ക്കെതിരെ നടപടിയെടുത്തതിലുള്ള പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസ് പോലീസിനെതിരെ തിരിയാന്‍ കാരണമെന്നും ആക്ഷേപമുണ്ട്. വൈകീട്ട് ആറ് മണിയോടെ ഇരു യുവജന പ്രസ്ഥാനങ്ങളും അങ്ങാടിയില്‍ പ്രകടനവും നടത്തി.

Latest