സൗത്ത് മണ്ഡലത്തിന്റെ പദ്ധതികളില്‍ നോര്‍ത്ത് മണ്ഡലം പങ്കാളിയാകണം: മന്ത്രി

Posted on: November 28, 2014 10:06 am | Last updated: November 28, 2014 at 10:06 am

കോഴിക്കോട്: മാലിന്യമുക്ത കോഴിക്കോടിനായി സൗത്ത് മണ്ഡലം നടത്തുന്ന പദ്ധതികളില്‍ നോര്‍ത്ത് മണ്ഡലവും പങ്കാളിയാകണമെന്ന് മന്ത്രി എം കെ മുനീര്‍. സൗത്ത് മണ്ഡലം സമ്പൂര്‍ണ ശുചിത്വ മണ്ഡലമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനായി പ്ലാസ്റ്റിക് ഉത്പാദകരോട് റീസൈക്കിള്‍ മാര്‍ഗങ്ങള്‍ ആരായുമെന്ന് മുനീര്‍ പറഞ്ഞു. റസിഡന്റ്‌സ് അസോസിയേഷനുകള്‍ കേന്ദ്രീകരിച്ച് പ്രാദേശികതലത്തില്‍ സംസ്‌കരണ യൂനിറ്റുകള്‍ സ്ഥാപിക്കും. ഫഌറ്റിനുള്ളില്‍ തന്നെ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സംസ്‌കരണ യൂനിറ്റുകള്‍, വളര്‍ത്തുമൃഗങ്ങളെ സംസ്‌കരിക്കാനായി ഗ്യാസ് ക്രിമറ്റോറിയം എന്നിവ സ്ഥാപിക്കും.
മേയര്‍ പ്രൊഫ. എ കെ പ്രേമജം അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ പ്രതിപക്ഷനേതാവ് എം ടി പത്മ, മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് സി എ മോഹന്‍, ശുചിത്വമിഷന്‍ ഡയറക്ടര്‍ എം ദിലീപ്കുമാര്‍, എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ ബശീര്‍, യു എല്‍ സി സി പ്രസിഡന്റ് രമേശ്, കാലിക്കറ്റ് മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രസിഡന്റ് സി ചാക്കുണ്ണി പ്രസംഗിച്ചു. ശുചിത്വമിഷന്‍ അസി.കോര്‍ഡിനേറ്റര്‍ കെ പി രാധാകൃഷ്ണന്‍ സ്വാഗതവും വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ എം ഡി റോഷന്‍ ബിജ്‌ലി നന്ദിയും പറഞ്ഞു.