Connect with us

Kerala

സയന്‍സ് വിഭാഗത്തില്‍ കണ്ണൂര്‍ മുന്നേറുന്നു

Published

|

Last Updated

തിരൂര്‍: ശാസ്ത്ര കുതുകികളുടെ ഭാവനകളെ സമ്പന്നമാക്കി തുഞ്ചന്റെ നഗരിയില്‍ സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം മൂന്നാം ദിവസത്തിലേക്ക്. മലയാളം പിറന്ന തുഞ്ചത്തെഴുത്തച്ഛന്റെ മണ്ണില്‍ ശാസ്ത്രാന്വേഷണത്തിന്റെ വിജ്ഞാനക്കാഴ്ചകളുമായാണ് സംസ്ഥാന ശാസ്‌ത്രോത്സവം തുടങ്ങിയത്.
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മേളയില്‍ ശാസ്ത്രപ്രതിഭകള്‍ക്ക് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. വിവിധ ഇനങ്ങളിലായി 4000ത്തോളം മത്സരാര്‍ഥികളാണ് മാറ്റുരച്ചത്. സയന്‍സ് വിഭാഗത്തില്‍ 96 പോയിന്റുമായി കണ്ണൂരാണ് മുന്നില്‍. 88 പോയിന്റുമായി മലപ്പുറവും 86 പോയിന്റുമായി കോഴിക്കോടും തൊട്ടുപിന്നിലുണ്ട്. 69 പോയിന്റുമായി പത്തനംതിട്ടയാണ് പിറകില്‍. ഗണിത വിഭാഗത്തില്‍ 15 പോയിന്റോടെ കണ്ണൂര്‍ ഒന്നാമതും 11പോയിന്റ് വീതം നേടി പാലക്കാട്, കോഴിക്കോട് ജില്ലകള്‍ തൊട്ടുപിന്നിലുണ്ട്. ഐ ടി മേളയിലെ 45 പോയിന്റുമായി ആതിഥേയരായ മലപ്പുറമാണ് ഒന്നാം സ്ഥാനത്ത്. 44 പോയിന്റുമായി വയനാട്, 34 പോയിന്റോടെ കാസര്‍ക്കോട്, 32 പോയിന്റുമായി കോഴിക്കോട് എന്നിങ്ങനെ തുടരുന്നു. 12 പോയിന്റുമായി ആലപ്പുഴയാണ് ഏറ്റവും പിറകില്‍. സോഷ്യല്‍സയന്‍സ്, വര്‍ക്ക് എക്‌സ്പീരിയന്‍സ് വിഭാഗത്തില്‍ ഫലം പുറത്തുവിട്ടിട്ടില്ല.
യു പി, എച്ച് എസ് വിഭാഗം പ്രദര്‍ശന വസ്തുക്കളുടെ ക്രമീകരണവും മൂല്യനിര്‍ണയവും, ടീച്ചിംഗ് എയ്ഡ്, ടീച്ചേഴ്‌സ് പ്രൊജക്ട്, യു പി, ഹൈസ്‌കൂള്‍ വിഭാഗം തത്സമയ മത്സരങ്ങള്‍, പ്രാദേശിക ചരിത്ര രചന, പ്രസംഗ മത്സരം, അറ്റലസ് നിര്‍മാണം, സ്‌പെഷ്യല്‍ സ്‌കൂള്‍ തത്സമയ നിര്‍മാണ മത്സരം, ഐ ടി മേളയില്‍ വെബ് പേജ് ഡിസൈനിംഗ്, ഡിജിറ്റല്‍ പെയിന്റിംഗ്, ഐ.ടി. പ്രൊജക്ട് എന്നിവയാണ് ഇന്നലെ നടന്നത്. രാവിലെ 10ന് തുടങ്ങിയ മേളയുടെ ഉദ്ഘാടന സമ്മേളനം നീണ്ടതോടെ ഉച്ചക്ക് ഒരുമണിയോടെയാണ് ജഡ്ജ്‌മെന്റ് ആരംഭിച്ചത്. ഇതോടെ ദൂരസ്ഥലങ്ങളില്‍ നിന്നെത്തിയവര്‍ മടങ്ങിപോകാനുള്ള തിരക്കിലായതോടെ ശാസ്ത്ര കൗതുകങ്ങള്‍ കാണാനെത്തിയവര്‍ നിരാശരായി. ജഡ്ജ്‌മെന്റിന് ശേഷവും കുറച്ചുപേര്‍ മാത്രമാണ് പ്രദര്‍ശനവുമായി തുടര്‍ന്നത്. ഇന്ന് വിവിധ ഇനങ്ങളിലായി 4000ത്തോളം ശാസ്ത്രപ്രതിഭകള്‍ പങ്കെടുക്കും.