കാബൂളില്‍ ചാവേര്‍ ആക്രമണത്തില്‍ ബ്രിട്ടീഷുകാരന്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു

Posted on: November 28, 2014 4:38 am | Last updated: November 27, 2014 at 10:40 pm

kabul bombകാബൂള്‍: ബ്രിട്ടീഷ് എംബസി വാഹനത്തിന് നേരെ കാബൂളിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥനടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ബ്രിട്ടീഷ് വാഹനത്തിന് നേരെ ഓടിച്ചുകയറ്റിയാണ് ആക്രമണം. സംഭവത്തില്‍ വഴിയാത്രക്കാരായിരുന്ന 30 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ അഞ്ച് പേര്‍ കുട്ടികളാണ്. സ്‌ഫോടനത്തിന്റെ ശക്തിയില്‍ എംബസി വാഹനം ദൂരേക്ക് തെറിച്ചുവീണു. വാഹനത്തിന്റെ തകര്‍ന്ന ഭാഗങ്ങള്‍ റോഡില്‍ ചിതറിക്കിടക്കുകയാണ്. ജലാലാബാദില്‍ നടന്ന സ്‌ഫോടനത്തിന്റെ ശബ്ദം കാബൂളില്‍ വരെ എത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സര്‍ക്കാറിന്റെയും സൈന്യത്തിന്റെയും പ്രധാനപ്പെട്ട നിരവധി ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന മേഖലയാണ് ജലാലാബാദ് റോഡ്. കഴിഞ്ഞ ദിവസം കാബൂളില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. താലിബാനെതിരെയുള്ള 13 വര്‍ഷം നീണ്ടുനിന്ന ആക്രമണത്തിന് അടുത്ത മാസം അവസാനമാകുന്ന സാഹചര്യത്തിലാണ് ഇവര്‍ക്കെതിരെ ശക്തമായ ആക്രമണം വ്യാപകമായിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ബോംബാക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിരുന്നു. ഇനിയും നിരവധി വിദേശികളായ സൈനികരെ തങ്ങള്‍ വകവരുത്തുമെന്നും ഒരു സന്ദേശത്തില്‍ താലിബാന്‍ അവകാശപ്പെട്ടിരുന്നു.
ഇന്നലെ നടന്ന സ്‌ഫോടനത്തില്‍ വിദേശികള്‍ക്കും പരുക്കുപറ്റിയതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടീഷ് വാഹനത്തിലുണ്ടായിരുന്ന ഒരു അഫ്ഗാന്‍ സ്വദേശിക്ക് സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റതായി സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് വ്യക്തമാക്കി. നിരവധി വഴിയാത്രക്കാരെ പരുക്കുകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു ബ്രിട്ടീഷ് പൗരന്‍ കൊല്ലപ്പെട്ടതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എംബസിയിലെ നിരവധി ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റിട്ടുണ്ടെന്ന് ബ്രിട്ടീഷ് വിദേശകാര്യ ഓഫീസിലെ വക്താവ് ചൂണ്ടിക്കാട്ടി. സംഭവം നടക്കുന്ന സമയത്ത് ബ്രിട്ടീഷ് അംബാസിഡര്‍ ഒരു ചര്‍ച്ചയിലായതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. മോട്ടോര്‍ സൈക്കിളിലെത്തിയ ആളാണ് ചാവേര്‍ ആക്രമണം നടത്തിയതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കാര്‍ബോംബാക്രമണമാണ് നടന്നതെന്ന് പിന്നീട് അധികൃതര്‍ സ്ഥിരീകരിച്ചു.
കഴിഞ്ഞ ആഴ്ച താലിബാന്‍ തീവ്രവാദികള്‍ വോളിബോള്‍ കണ്ടുകൊണ്ടിരുന്ന ജനക്കൂട്ടത്തിന് നേരെ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടിരുന്നു.