ഹാം എക്‌സ്‌പോ ഡിസംബര്‍ 14ന് അടൂരില്‍

Posted on: November 27, 2014 7:57 pm | Last updated: November 27, 2014 at 7:57 pm

harm radioഅടൂര്‍(പത്തനംതിട്ട): ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഹാമുകള്‍ ഒത്തുചേരുന്ന ഹാം എക്‌സ്‌പോ ഡിസംബര്‍ 14ന് അടൂരില്‍ നടക്കും. അടൂര്‍ അമച്വര്‍ റേഡിയോ ക്ലബ്ബാണ് പരിപാടിയുടെ സംഘാടകര്‍. ഇതിനോടകം തന്നെ നൂറില്‍ അധികം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

സര്‍ക്കാര്‍ നടത്തുന്ന അഭിരുചി പരീക്ഷയിലൂടെ വയര്‍ലെസ് ലൈസന്‍സ് ലഭിച്ചവരെയാണ് ഹാമുകള്‍ എന്ന് വിളിക്കുന്നത്. ഇത്തരത്തില്‍ ലൈസന്‍സ് ലഭിച്ചവര്‍ വയര്‍ലെസ് ഉപകരണങ്ങളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റു ഹാമുകളോട് സംസാരിക്കും. ഒരോ ഹാമുകളെ തിരിച്ചറിയുന്നതിന് പ്രത്യേകം കോള്‍ സൈനുകളുണ്ടാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സുഹൃത്തുകളുള്ളവരായിരിക്കും മിക്ക ഹാമുകളും.

റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ചുള്ള പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് അനുവദിക്കുന്ന ഹാം റേഡിയോ ലൈസന്‍സ് എടുക്കുവാനുള്ള ഇന്ത്യയിലെ യോഗ്യത 12 വയസു തികഞ്ഞ പൗരനായിരിക്കണമെന്നതാണ്. അടിസ്ഥാന ഇലക്‌ട്രോണിക്‌സും വയര്‍ലെസിലൂടെ സംസാരിക്കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങളുമാണ് പരീക്ഷക്ക് ചോദ്യമായി വരിക. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലാകുമ്പോള്‍ ഹാമുകളുടെ സഹായം സര്‍ക്കാറും തേടാറുണ്ട്.

വയര്‍ലെസിലൂടെ കേള്‍ക്കുന്ന ശബ്ദത്തിലൂടെ മാത്രം പരിചയമുള്ളവര്‍ക്ക് തമ്മില്‍ കാണുവാനുള്ള അവസരം കൂടിയാണ് ഹാം എക്‌സ്‌പോകള്‍. ഹാമുകള്‍ ആകുവാന്‍ താല്‍പര്യമുള്ളവര്‍ക്കും ഹാം എക്‌സ്‌പോയില്‍ പങ്കെടുക്കാം.