ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ അംഗീകാരം റദ്ദാക്കണം; സുപ്രീംകോടതി

Posted on: November 27, 2014 4:56 pm | Last updated: November 27, 2014 at 4:56 pm

Chennai-IPL

>>>മഹേന്ദ്രസിംഗ് ധോനിക്കെതിരെയും കോടതി പരാമര്‍ശം

ന്യൂഡല്‍ഹി; ഐപിഎല്‍ ഒത്തുകളി സംബന്ധിച്ച് മുഗ്ദല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ അംഗീകാരം റദ്ദാക്കണമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. വിവാദ ടീമുകളായ രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നീ ടീമുകളുടെ അംഗീകാരം റദ്ദാക്കണമെന്ന്് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. ചെന്നൈ ടീമുമായി നേരിട്ട് ബന്ധമില്ലെങ്കിലും ടീമിനെ നിയന്ത്രിച്ചിരുന്നത് മെയ്യപ്പനാണെന്നു പറഞ്ഞ കോടതി ഈ സാഹചര്യത്തില്‍ ടീമിനെ മാറ്റിനിര്‍ത്തുന്നതല്ലേ ഉചിതമെന്നും ചോദിച്ചു. ബി സി സി ഐ ഭാരവാഹിയായിരിക്കേ ശ്രീനിവാസന്‍ ഐപിഎല്‍ ടീം സ്വന്തമാക്കിയത് ശരിയാണോ എന്നും കോടതി ചോദിച്ചു.
ഇന്ത്യാ സിമന്റ്‌സില്‍ പ്രധാനസ്ഥാനം വഹിക്കുന്ന മഹന്ദ്രസിംഗ് ധോനി ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം വഹിക്കുന്നത് ഉചിതമല്ലെന്നും കോടതി വ്യക്തമാക്കി. നിരവധി ആരോപണങ്ങള്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിനെതിരെ ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യാ സിമന്റ്‌സ് 400 കോടി രൂപ ചെന്നൈ ടീമിന് വേണ്ടി മുടക്കിയിരുന്നു. ഇത്രയധികം പണം മുടക്കാന്‍ ആരാണ് അവര്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും കോടതി ചോദിച്ചു.