Connect with us

Kerala

ആലപ്പുഴയില്‍ പക്ഷിപ്പനിക്ക് കാരണം എച്ച്5 എന്‍1

Published

|

Last Updated

തിരുവനന്തപുരം: കുട്ടനാട്ടില്‍ പടര്‍ന്നുപിടിച്ച പക്ഷിപ്പനി വൈറസ് മനുഷ്യരിലേക്കു പടരാന്‍ സാധ്യതയുള്ളതാണെന്ന് സ്ഥിരീകരിച്ചു. താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിനു കാരണമായ വൈറസ്, മനുഷ്യരിലേക്കു പടരാന്‍ സാധ്യതയുള്ള എച്ച്5 എന്‍1 ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് സ്ഥിരീകരിച്ചത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്ന് അയച്ച സാമ്പിളുകള്‍ ഭോപ്പാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ലാബില്‍ പരിശോധിച്ചപ്പോഴാണ് എച്ച്5 എന്‍1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍, ആശങ്ക വേണ്ടെന്നും താരതമ്യേന അപകടം കുറഞ്ഞ വൈറസാണ് കണ്ടെത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി.
ആലപ്പുഴയില്‍ നിന്ന് അയച്ച ഭൂരിപക്ഷം സാമ്പിളുകളിലും എച്ച്5 എന്‍1 പോസിറ്റീവാണെന്ന് കണ്ടെത്തി. അതേസമയം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നയച്ച എല്ലാ സാമ്പിളുകളിലും ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. എങ്കിലും ഒന്നോ രണ്ടോ സാമ്പിളുകള്‍ കണ്ടെത്തിയാല്‍പ്പോലും അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മനുഷ്യരിലേക്ക് പകരുന്നതരം രോഗമാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തിന് നിര്‍ദേശം നല്‍കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സമീപ ജില്ലകളിലെല്ലാം ജാഗ്രതാ നിര്‍ദേശം നല്‍കിയെന്നും പ്രതിരോധ നടപടികള്‍ ആരംഭിച്ചതായും മന്ത്രി കെ പി മോഹനന്‍ വ്യക്തമാക്കി.
രോഗബാധ സംശയിക്കുന്നവര്‍ ഉടന്‍ ചികിത്സ തേടണമെന്നതാണ് ആരോഗ്യ വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. രോഗബാധ സംശയിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ പ്രതിരോധ ഗുളിക നല്‍കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. അതേസമയം, കേരളത്തിലൊരിടത്തും പക്ഷിപ്പനി മനുഷ്യരിലേക്ക് പകര്‍ന്നതായി കണ്ടെത്താത്തതിനാല്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു.
ആലപ്പുഴ ജില്ലയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ 62 സംഘങ്ങള്‍ 11,729 വീടുകള്‍ സന്ദര്‍ശിച്ച് 41,201 പേരെയും കോട്ടയത്ത് ഇരുപത് സംഘങ്ങള്‍ 1,656 വീടുകളിലെത്തി 6,638 പേരെയും പത്തനംതിട്ടയില്‍ പതിനേഴ് സംഘങ്ങള്‍ 669 വീടുകളില്‍ച്ചെന്ന് 2,224 പേരെയും പരിശോധിച്ച് ബോധവത്കരണ സന്ദേശം നല്‍കി. എല്ലാ ആശുപത്രികളിലും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റര്‍ സൗകര്യത്തോടുകൂടിയ ഐസൊലേഷന്‍ യൂനിറ്റുകള്‍ പ്രവര്‍ത്തനസജ്ജമാണ്. മരുന്നുകള്‍ ആവശ്യത്തിലധികം സ്റ്റോക്കുണ്ടെങ്കിലും മുന്‍കരുതലെന്ന നിലക്ക് മുപ്പതിനായിരം ഗുളികകള്‍ കൂടി ഇന്നെത്തിക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

Latest