കാശ്മീരില്‍ സൈനികര്‍ക്ക് നേരെ തീവ്രവാദി ആക്രമണം; പത്ത് മരണം

Posted on: November 27, 2014 3:05 pm | Last updated: November 27, 2014 at 11:29 pm

kashmirശ്രീനഗര്‍: ജമ്മു കാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിക്കടുത്ത് സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ നടന്ന ശക്തമായ ഏറ്റുമുട്ടലില്‍ മൂന്ന് സിവിലിയന്മാരും മൂന്ന് കരസേനാ ജവാന്മാരുമടക്കം 10 പേര്‍ കൊല്ലപ്പെട്ടു. അര്‍ണിയ ടൗണിനടുത്തുള്ള കരസേനയുടെ താവളം സൈനികവേഷത്തിലെത്തിയ തീവ്രവാദികള്‍ ആക്രമിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാനത്ത് എത്താനിരിക്കെയാണ് സംഭവം.
സാര്‍ക്ക് രാജ്യങ്ങള്‍ക്കിടയില്‍ വ്യാപാരത്തിന് ഉത്തേജനം പകരാന്‍ ഇന്ത്യ, പാക്കിസ്ഥാന്‍ നേതാക്കളടക്കമുള്ളവര്‍ ഉച്ചകോടിക്കായി കാഠ്മണ്ഡുവില്‍ സമ്മേളിച്ചിരിക്കെയുമാണ് സംഭവം. തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ രാവിലെ തുടങ്ങിയ ഏറ്റുമുട്ടല്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് അവസാനിച്ചുവെന്ന് മുതിര്‍ന്ന കരസേനാ ഓഫീസര്‍ പറഞ്ഞു. തീവ്രവാദികളില്‍ മൂന്ന് പേരെ സേന വെടിവെച്ച് കൊന്നു. അതേസമയം, രജൗറിയില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം സൈന്യം പരാജയപ്പെടുത്തി. ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
പാക് അതിര്‍ത്തിയില്‍ നിന്ന് നാല് കിലോമീറ്റര്‍ മാറി അര്‍ണിയ ടൗണിലെ കരസേനാ താവളം തീവ്രവാദികള്‍ ആക്രമിക്കുകയായിരുന്നു. കരസേനയുടെ ബങ്കര്‍ ലക്ഷ്യമിട്ട് ഒരു കാറിലാണ് തീവ്രവാദികള്‍ എത്തിയത്. ഇവര്‍ രണ്ട് സംഘങ്ങളായി പിരിഞ്ഞ് ഒരു സംഘം ബങ്കര്‍ ലക്ഷ്യംവെച്ച് നീങ്ങിയപ്പോള്‍ രണ്ടാമത്തെ സംഘം കരസേനാ ജവാന്മാരെ ലക്ഷ്യംവെച്ച് ഗ്രാമത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു. സൈന്യത്തിന്റെ 92 കാലാള്‍പ്പടയുടെ പിണ്ടി ഖട്ടാറിലെ ബങ്കറില്‍ തീവ്രവാദികള്‍ കയറുകയായിരുന്നു.
പാക്കിസ്ഥാന്‍ ഭാഗത്ത് നിന്ന് നുഴഞ്ഞുകയറിയവരല്ല അക്രമികളെന്ന് മുതിര്‍ന്ന ബി എസ് എഫ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. അര്‍ണിയയിലേക്ക് കാറിലാണ് ഇവര്‍ എത്തിയത്. തുടര്‍ന്ന് ബങ്കര്‍ ലക്ഷ്യം വെക്കുകയായിരുന്നു. ഈ ആക്രമണം യാദൃച്ചികമല്ലെന്ന് മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല അഭിപ്രായപ്പെട്ടു. കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന് അദ്ദേഹം അനുശോചനം അറിയിച്ചു. ഈ ആക്രമണത്തിന്റെ സമയം യാദൃഛികമല്ലെന്നും ഉമര്‍ ട്വീറ്റ് ചെയ്തു.