മെഡിക്കല്‍ കോളജും, ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടും യാഥാര്‍ഥ്യമാക്കാത്തതില്‍ ദുരൂഹതയെന്ന്

Posted on: November 27, 2014 10:16 am | Last updated: November 27, 2014 at 10:16 am

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജും, ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടും യാഥാര്‍ഥ്യമാക്കാത്തതില്‍ ദുരൂഹതയുള്ളതായി യൂത്ത് കോണ്‍ഗ്രസ്-കെ എസ് യു സംയുക്ത യോഗം ആരോപിച്ചു.
ആതുര ശുശ്രൂഷ മേഖലയില്‍ വളരെ പിന്നാക്കാവസ്ഥയിലുള്ള ജില്ലയാണ് വയനാട്. ഈ സാഹചര്യത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ നല്‍കിയ മെഡിക്കല്‍ കോളേജും, ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടും യാഥാര്‍ഥ്യമാക്കാത്തത് സാധാരണകാര്‍ക്ക് ഇരുട്ടടിയായി തീര്‍ന്നിരിക്കുകയാണ്. ഇതില്‍ സ്വകാര്യ സംരഭകരുടെ ഇടപെടലുണ്ടെന്നും സംശയിക്കുന്നു. സൗജന്യമായി ഭൂമിവിട്ടുകൊടുത്തിട്ടുപോലും അത് യാഥാര്‍ത്ഥ്യമാക്കാന്‍ കാലതാമസം വരുന്നതില്‍ ദുരൂഹതയുണ്ട്.
ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭൂമിയേറ്റെടുപ്പുമായി ബന്ധപ്പെട്ട് അനാവശ്യമായ വിവാദങ്ങളിപ്പോഴും നിലനില്‍ക്കുകയാണ്. വയനാടന്‍ ജനതയെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകുവാനുള്ള ചിലരുടെ ഗൂഢലക്ഷ്യമാണെന്ന് കോണ്‍ഗ്രസിന്റെ യുവജന വിദ്യാര്‍ഥിവിഭാഗം സംശയിക്കുന്നു. അടിയന്തിരമായി പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഇവരെ പൊതുജനമധ്യത്തില്‍ വിചാരണ ചെയ്യുന്നതോടൊപ്പം യൂത്ത് കോണ്‍ഗ്രസ് കെ എസ് യു സംഘടിതമായി പ്രക്ഷോഭം ആരംഭിക്കുവാനും യോഗം തീരുമാനിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. രാജേഷ് കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് അജ്മല്‍ അധ്യക്ഷത വഹിച്ചു. ശശി പന്നിക്കുഴി, അമല്‍ റോയി പോള്‍, നജീം, ബിനു ജേക്കബ്, എം എ നിഷാന്ത്, മാത്യു, രൂപേഷ്, ബിജു, ഷംസാദ് മരക്കാര്‍, ധനേഷ് വാര്യര്‍, ജോസ്, ഷെഫീഖ്, റെനീഷ്, ലെനീഷ് പടിഞ്ഞാറത്തറ, രാജു ഹെജമാഡി, വിപിന്‍ വേണുഗോപാല്‍, ഓജസ് ദേവസ്യ, സഫീര്‍, ഷിബു, അരുണ്‍ദേവ്, അജയ് ജോസ് എന്നിവര്‍ പ്രസംഗിച്ചു.