മൊയ്തീന്‍ ജയിക്കുമ്പോള്‍ കമ്പ്യൂട്ടര്‍ തോല്‍ക്കും

Posted on: November 27, 2014 9:40 am | Last updated: November 27, 2014 at 9:40 am

തിരൂര്‍: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവ നഗരിയില്‍ കമ്പ്യൂട്ടറിനെ തോല്‍പ്പിക്കുന്ന ഓര്‍മയുമായി മൊയ്തീന്‍ താരമായി. കഴിഞ്ഞതും വരാനിരിക്കുന്നതുമായ ഇരുന്നൂറ് വര്‍ഷക്കാലത്തെ ഏത് തീയതി ചോദിച്ചാലും നൊടിയിടയില്‍ മൊയ്തീന്‍ ഏത് ദിവസമെന്ന് പറയും. പട്ടിക്കാട് വലമ്പൂര്‍ സ്വദേശിയാണ് 71കാരനായ മൊയ്തീന്‍.
ദിവസങ്ങളുടെ പേരിന് പുറമെ ഇന്ത്യന്‍ രാഷ്ട്രപതിമാര്‍, പ്രധാന മന്ത്രിമാര്‍, കേരളമുഖ്യമന്ത്രിമാര്‍, ഇവരുടെ ഭരണ കാലാവധികള്‍, വിവിധ വര്‍ഷങ്ങളിലെ ലോകകപ്പ് വിജയികള്‍, മഹാന്‍മാരുടെ ചരമ ദിനങ്ങള്‍, ദുരന്തദിനങ്ങള്‍ തുടങ്ങി നൂറ് കണക്കിന് പൊതുവിജ്ഞാനവും മനപ്പാടമാണ് ഈ ഒന്നാം ക്ലാസ് പഠിതാവിന്. നാല്‍പ്പത് വര്‍ഷക്കാലം ചായക്കടയില്‍ ജോലി ചെയ്ത മൊയ്തീന് പത്രങ്ങളും പ്രസിദ്ധീകരണങ്ങളും വായിച്ചുള്ള അറിവാണ് മുതല്‍ കൂട്ട്. പതിനാറ് വര്‍ഷത്തോളം കര്‍ണ്ണാടക, ആന്ധ്ര, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.
22 വര്‍ഷം മുമ്പ് മൂന്ന് വര്‍ഷത്തെ കലണ്ടര്‍ നോക്കിയപ്പോഴാണ് ഇരുന്നൂറ് വര്‍ഷത്തെ കലണ്ടര്‍നിര്‍മിക്കാന്‍ പ്രചോദനമായത്. ഇപ്പോള്‍ 1901 മുതല്‍ 2100 വരെയുള്ള കലണ്ടറിലെ ഏത് തീയതിയും വയസും പറയാന്‍ സാധിക്കും. പതിനൊന്ന് വര്‍ഷം മുമ്പായിരുന്നു പുസ്തകരൂപത്തിലാക്കുന്നത്. ഇപ്പോള്‍ സ്വന്തമായി രചിച്ച പുസ്തകത്തിന്റെ കച്ചവടം മൊയ്തീന്‍ തന്നെയാണ് സ്വന്തമായി നിര്‍വഹിക്കുന്നത്. മൊയ്തീന്റെ പ്രകടനം കിട്ടിശാസ്ത്രജ്ഞന്‍മാരെ ആവേശത്തിലാക്കിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസെടുക്കാനും പോകാറുണ്ട് ഇദ്ദേഹം.മേളയുടെ പ്രധാന വേദിയായ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തായിരുന്നു മൊയ്തീന്റെ പ്രകടനം കാണാന്‍ ആള്‍ക്കൂട്ടമെത്തിയത്. ഭാര്യ നഫീസ. മുജീബുറഹ്മാന്‍,റജീന, സലീന എന്നിവര്‍ മക്കളാണ്.