Connect with us

Malappuram

പുലാമന്തോളില്‍ കരിഞ്ചന്തക്കെതിരെ മിന്നല്‍ പരിശോധന

Published

|

Last Updated

പെരിന്തല്‍മണ്ണ: പുലാമന്തോളില്‍ വ്യാപാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി.
പൊതുവിപണിയിലെ ആവശ്യസാധനങ്ങളുടെ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവ തടയുന്നതിന്റെ ഭാഗമായാണ് പെരിന്തല്‍മണ്ണ താലൂക്ക് സപ്ലൈ ഓഫീസര്‍ വി ഫിലിപ്പോസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. പുലാമന്തോള്‍ ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ പച്ചക്കറി, പലചരക്ക് മൊത്ത ചില്ലറ, വ്യാപാര കേന്ദ്രങ്ങള്‍, ഹോട്ടല്‍, ബേക്കറി-കൂള്‍ബാര്‍, മത്സ്യമാര്‍ക്കറ്റ്, ചിക്കന്‍ സ്റ്റാള്‍ എന്നിവിടങ്ങളിലായിരുന്നു കഴിഞ്ഞ ദിവസം പരിശോധിച്ചത്.
22ഓളം വരുന്ന സ്ഥാപനങ്ങളില്‍ സ്‌ക്വാഡ് പരിശോധന നടത്തിയതില്‍ വില വിവരപ്പട്ടിക സ്റ്റോക്ക് ബോര്‍ഡ് എന്നിവ എഴുതി പ്രദര്‍ശിപ്പിക്കാത്തതിനും പഞ്ചായത്ത്-സിവില്‍ സപ്ലൈസ് വകുപ്പില്‍ നിന്നും നല്‍കുന്ന വിവിധ ലൈസന്‍സുകള്‍ എടുക്കാത്തതിനും പത്ത് വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. താലൂക്കിലെ വാണിജ്യനികുതി ഇന്‍സ്‌പെക്ടര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ട വിജിലന്‍സ് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ സംയുക്ത സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്.
ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ 21 കേസുകളില്‍ 45000 രൂപ പിഴ ഈടാക്കി. തുടര്‍ന്നും സംയുക്ത സ്‌ക്വാഡിന്റെ ശക്തമായ പരിശോധന താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പരിശോധനയില്‍ സപ്ലൈ ഓഫീസറോടൊപ്പം ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ സിറാജുദ്ദീന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി രാജീവന്‍, വാണിജ്യ നികുതി ഇന്‍സ്‌പെക്ടര്‍ ബെന്നി, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ജി ആര്‍ ജയന്‍, ഹസനുല്‍ബന്ന, സന്തോഷ്‌കുമാര്‍ പങ്കെടുത്തു.