Connect with us

Kozhikode

മോഷണക്കേസ് പ്രതികള്‍ ഉടമസ്ഥന് പണം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കി

Published

|

Last Updated

കോഴിക്കോട്: കാറില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച് ഒളിവില്‍ പോയ പ്രതികളില്‍ മൂന്ന് പേര്‍ കോടതിയില്‍ കീഴടങ്ങി കേസ് ഒത്തുതീര്‍പ്പാക്കി. നാലാം ഗേറ്റിന് സമീപം താമസിക്കുന്ന പ്രവീണ്‍, ജോസഫ് റോഡില്‍ സനു, ഭട്ട് റോഡിലെ കണ്ണന്‍ എന്നിവരാണ് കോടതിയില്‍ വെച്ച് മധ്യസ്ഥ ശ്രമങ്ങളിലൂടെ കേസ് തീര്‍പ്പാക്കിയത്. ഉടമസ്ഥന് ആറ് ലക്ഷം രൂപ നല്‍കിയാണ് കേസിലെ തുടര്‍ നിയമ നടപടി ഒഴിവാക്കിയത്.
കഴിഞ്ഞ ആഗസ്റ്റില്‍ രാത്രി 7.30നും 8.30നുമിടയില്‍ പി ടി ഉഷറോഡില്‍ വച്ചായിരുന്നു കേസിന്നാസ്പദമായ സംഭവം. ഇവിടെ നിര്‍ത്തിയിട്ടിരുന്ന പേരാമ്പ്ര എരവട്ടൂര്‍ സ്വദേശിയുടെ ഇന്നോവ കാറില്‍ നിന്ന് 17 പവനും 60,000 രൂപയുമാണ് ഇവര്‍ മോഷ്ടിച്ചത്. തുടര്‍ന്ന് സ്വര്‍ണം കമ്മത്ത്‌ലെയിനിലെ ഒരു കടയില്‍ വിറ്റു. ഈ പണം ഉപയോഗിച്ച് ബൈക്ക്, 3000 രൂപ വില വരുന്ന മൂന്ന് ഫോണുകള്‍, രണ്ട് മിനി കമ്പ്യൂട്ടറുകള്‍ എന്നിവ പ്രതികള്‍ വങ്ങി. ബാക്കി പണം കൊണ്ട് ദിവസം 15,000 രൂപ വാടക നല്‍കേണ്ട ഹൗസ് ബോട്ട് വാടകക്ക് എടുത്ത് ആഡംബര ജീവിതം നയിച്ചു. നടക്കാവ് സി ഐ മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്.
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ ശ്രീനിവാസന്‍, എ അനില്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ മുഹമ്മദ് ഷബില്‍, ഗിരിജ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ എടക്കാട് പാലക്കട മാനുശേരി പറമ്പില്‍ ത്രിത്വം വീട്ടില്‍ ബിജോയ് ഡിക്രൂസ് (23) നേരത്തെ നടക്കാവ് പോലീസ് പിടിയിലായിരുന്നു.

Latest