Connect with us

Palakkad

വിക്‌ടോറിയ കോളജിന് മുന്നില്‍ സീബ്രാ ലൈനും പരിഗണനയില്‍

Published

|

Last Updated

പാലക്കാട്: വിക്ടോറിയ കോളജിന് മുന്നില്‍ റോഡില്‍ കൂടുതല്‍ ഡിവൈഡറുകള്‍ സ്ഥാപിച്ചു.
കോളജിലെ വിദ്യാര്‍ഥിനി ബസ്സിടിച്ച് മരിച്ചതിന്റെ പശ്ചാത്തലത്തില്‍ ട്രാഫിക് പോലീസിന്റേതാണ് നടപടി. കലാലയത്തിന്റെ മുന്നില്‍ കോഴിക്കോട് റോഡിലും സമീപത്തെ മലമ്പുഴ ബൈപാസ് റോഡിന്റെ ആരംഭത്തിലുമാണ് ഡിവൈഡര്‍ വെച്ചത്.
ഗതാഗതപരിഷ്‌കരണത്തിനായി ട്രാഫിക് പോലീസ് നഗരസഭയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും സഹകരണം തേടി. കലാലയത്തിന് സമീപം അപകടസാധ്യതയുള്ളതിനാല്‍ ഇവിടെ വേഗനിയന്ത്രണ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നാണ് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. റോഡില്‍ സീബ്രാലൈന്‍ ഇടുന്ന കാര്യവും പരിഗണിക്കണമെന്ന് കാണിച്ച് പോലീസ് കത്തയച്ചിട്ടുണ്ട്. നഗരസഭക്കും പോലീസ് കത്തയച്ചു. കലാലയത്തിന് സമീപം അപകടം കുറക്കുന്ന കാര്യത്തില്‍ എന്തെങ്കിലും നടപടി വേണമെന്നാണ് കത്തിലുള്ളത്. കലാലയത്തിന് സമീപത്ത് സ്ഥാപിക്കാന്‍ കൂടുതല്‍ ഡിവൈഡറുകള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഗതാഗതവിഭാഗം പോലീസ് പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കി.
കലാലയത്തിന്റെ ഇടിഞ്ഞുകിടക്കുന്ന മതിലിന്റെ ഭാഗത്തുകൂടി കുട്ടികള്‍ പുറത്തുവന്ന് റോഡിലിറങ്ങുന്നത് അപകടമുണ്ടാക്കുമെന്നും പോലീസ് കണ്ടെത്തി. മതില്‍ കെട്ടാന്‍ നടപടിയെടുക്കണമെന്ന് കലാലയാധികൃതരോട് ആവശ്യപ്പെടാനും തീരുമാനിച്ചു.