Connect with us

Gulf

വി ഐ പി സുരക്ഷക്ക് വനിതാ പോലീസ് ഉദ്യോഗസ്ഥരും

Published

|

Last Updated

ദുബൈ; അതീവ ശ്രദ്ധയോടെ ചുമലതകള്‍ നിര്‍വഹിക്കപ്പെടുന്ന വി ഐ പി സുരക്ഷക്കായി ദുബൈ പോലീസ് വനിതാ ഉദ്യോഗസ്ഥരും സജീവമായി രംഗത്തുള്ളതായി ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ലഫ്. കേണല്‍ ഉബൈദ് ബിന്‍ യാറൂഫ് വ്യക്തമാക്കി. ഇതിനുള്ള പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ സംഘം പോലീസ് സേനയുടെ ഭാഗമായതോടെയാണ് വനിതകളും പ്രധാനപ്പെട്ട വ്യക്തികളുടെ സംരക്ഷണത്തിനുള്ള വിഭാഗത്തിലേക്ക് എത്തിയിരിക്കുന്നത്.

17 വനിതാ ഉദ്യോഗസ്ഥരാണ് പുരുഷന്മാരുടെ സാമ്രാജ്യമായിരുന്ന വി ഐ പി സുരക്ഷാ വിഭാഗത്തിലേക്ക് എത്തിയിരിക്കുന്നത്. 100 പരുഷ ഉദ്യോഗസ്ഥരാണ് ഈ സംഘത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. പുതുതായി എത്തിയ വനിതാ ഉദ്യോഗസ്ഥരും മോട്ടോര്‍ വിംഗിലും വേഷപ്രച്ഛന്നരായും വി ഐ പികളുടെ യാത്രകളില്‍ അനുഗമിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
വനിതകളും പുരുഷന്മാര്‍ക്ക് തുല്യമായ രീതിയിലുള്ള പരിശീലനമാണ് പൂര്‍ത്തീകരിച്ചിരിക്കുന്നതെന്ന് മോട്ടോര്‍ സൈക്കിള്‍ ഓടിക്കാനും വി ഐ പി കളുടെ യാത്രയില്‍ അവരെ ജാഗ്രതയോടെ അനുഗമിക്കാനുമെല്ലാം സംഘാംഗങ്ങളെ നിയോഗിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു. പലരും വീട്ടുകാരുടെ താല്‍പര്യം പോലും അവഗണിച്ചാണ് ഏറെ വെല്ലുവിളികളുള്ള ഈ സംഘത്തിലേക്ക് എത്തിച്ചേരാന്‍ പരിശീലനത്തിന് വന്നതും അവരെല്ലാം സ്തുത്യര്‍ഹമായ രീതിയിലാണ് പരിശീലനം പൂര്‍ത്തിയാക്കി ദുബൈ പോലീസ് സേനയുടെ അവിഭാജ്യ ഘടകമായി മാറിയതും. വനിതാ സേനാംഗങ്ങള്‍ക്ക് ഉയര്‍ന്ന രാഷ്ട്രീയനേതാക്കളെയും അവരുടെ കുടുംബത്തിന്റെയും സംരക്ഷണം ഉള്‍പെടെയുള്ളവ അത്യന്തം ഉത്തരവാദപ്പെട്ട ജോലികള്‍ ഏല്‍പിക്കാറുണ്ട്. മികച്ച പ്രവര്‍ത്തനമാണ് അവര്‍ കാഴ്ചവെക്കുന്നത്. മലേഷ്യന്‍ പ്രധാനമന്ത്രിയും ബ്രൂണെയ് വിദേശകാര്യ മന്ത്രിയും എത്തിയപ്പോള്‍ അവരുടെ ചുമതല വനിതാ വിംഗിനായിരുന്നു.
ദുബൈ ഏറ്റവും സുരക്ഷിതമായ നഗരമാണെന്നാണ് ഏവരും വിലയിരുത്തുന്നത്. അതിന് പിന്നില്‍ പോലീസിന്റെ സ്തുത്യര്‍ഹമായ സേവനം ഏറെ വിലപ്പെട്ടതാണ്. രാജ്യം സുരക്ഷിതമായ ഒരു പ്രദേശമായത് ഞങ്ങളുടെ ഭാഗ്യമായി കരുതുന്നു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന് പോലും തനിയെ പുറത്തിറങ്ങി നടക്കാന്‍ സാധിക്കുന്നതിന് പിന്നില്‍ ദുബൈയുടെ സുരക്ഷയുടെ മികവാണ് വ്യക്തമാവുന്നത്.
ചെറുപ്പത്തിലെ ഏറെ ആഗ്രഹിച്ചതാണ് പോലീസില്‍ ഒരു ജോലിയെന്ന് പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ ഒരാളായ മമര്‍വ അബ്ദുല്‍ റഹ്മാന്‍(25) വ്യക്തമാക്കി. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ആഗ്രഹം പാരമ്യത്തിലെത്തി. വിദേശത്ത് പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചതോടെ വീട്ടുകാര്‍ക്ക് പോലീസ് സേനയില്‍ ചേരുന്നതിനോട് വലിയ താല്‍പര്യമുണ്ടായിരുന്നില്ല. മാതാവ് പോലീസ് ഓഫീസറായ ഒരു മകളുടെ കഥയാണിത്. ഒടുവില്‍ അവര്‍ എന്റെ വഴിക്ക് വന്നു. ഇപ്പോള്‍ പോലീസില്‍ ചേര്‍ന്നതിനൊപ്പം രാജ്യത്തെ ഒരു സര്‍വകലാശാലയില്‍ പഠനം തുടരുകയും ചെയ്യുന്നുണ്ട്. രാജ്യത്തിനായി സേവനം ചെയ്യാന്‍ സൗകര്യം കിട്ടിയത് വലിയ ഭാഗ്യമായി കരുതുന്നതായും മര്‍വ വ്യക്തമാക്കി.
രാവിലെ മുതല്‍ ഉച്ചവരെയാണ് സേനയിലെ സേവനമെന്ന് മറ്റൊരു ഉദ്യോഗസ്ഥയായ ഷെയ്മ അബ്ദുല്‍കരീം പ്രതികരിച്ചു. ഉച്ചക്ക് ശേഷം ഷാര്‍ജ യൂണിവേഴ്‌സിറ്റിയില്‍ അഭിഭാഷക കോഴ്‌സിന് പഠിക്കാനും സമയം നീക്കിവെക്കുന്നതായും ഇവര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest