മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രധാനമന്ത്രിയെ കാണും

Posted on: November 26, 2014 4:43 pm | Last updated: November 27, 2014 at 8:57 am

vs with oommenchandiതിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിലുള്ള ആശങ്ക അറിയിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രിയെ കാണാന്‍ ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ജലവിഭവ മന്ത്രി എന്നിവരടങ്ങിയ സംഘമാകും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കുക. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ടുള്ള റിവ്യു പെറ്റീഷന്‍ അടുത്തമാസം രണ്ടിന് പരിഗണിക്കാനിരിക്കെ അവിടെയും ഗ്രീന്‍ ബെഞ്ചിലും സ്വീകരിക്കാന്‍ കഴിയുന്ന എല്ലാ നിയമപരമായ സാധ്യതകളും പരിശോധിക്കും. മുല്ലപ്പെരിയാര്‍ വിഷയം സംബന്ധിച്ച കേസ് റീ-ഓപണ്‍ ചെയ്യുന്നതിനുള്ള സാധ്യതകള്‍ ആരായാനും റിവ്യു പെറ്റീഷന്‍ കാര്യങ്ങള്‍ക്ക് ശേഷം വേണ്ടി വന്നാല്‍ ക്യുറേറ്റീവ് പെറ്റീഷന്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
ഡാമിലെ ജലനിരപ്പ് ഉയരുമ്പോഴുണ്ടാകുന്ന വനം-പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് ഹരിത ട്രൈബ്യൂണലില്‍ ഹരജി നല്‍കാനും ഡാമിന്റെ സുരക്ഷ പഠിക്കാന്‍ ദേശീയ-അന്തര്‍ദേശീയ വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതി രൂപവത്കരിക്കാനും സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. ജലനിരപ്പ് ഉയര്‍ത്തിയത് പരിസ്ഥിതി നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാകും ഹരിത ട്രൈബ്യൂണലില്‍ ഹരജി നല്‍കുക. ജലനിരപ്പ് ഉയര്‍ത്തിയതിലൂടെ 1400 ഏക്കര്‍ പ്രദേശം വെള്ളത്തിനടിയിലായിട്ടുണ്ട്. ഇത് വന്യജീവികളുടെ ആവാസ വ്യവസ്ഥക്ക് ഭീഷണിയാണെന്നും കേരളം ട്രൈബ്യൂണലിനെ അറിയിക്കും.
നേരത്തെ, രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണണമെന്ന് ആലോചിച്ചിരുന്നെങ്കിലും പുനഃപരിശോധന ഹരജിയില്‍ തീരുമാനം വന്നതിനുശേഷം ഇക്കാര്യം ആലോചിച്ചാല്‍ മതിയെന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വേയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഈ തീരുമാനം തത്കാലത്തേക്ക് മാറ്റിവെക്കുകയായിരുന്നു. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് രാജ്യാന്തര ഏജന്‍സിയെ കൊണ്ട് പഠനം നടത്തണമെന്ന ആവശ്യവും പ്രധാനമന്ത്രിക്ക് മുമ്പാകെ വെക്കും.