പാകിസ്ഥാന്റെ ലക്ഷ്യം തര്‍ക്കരഹിത ദക്ഷിണേഷ്യയെന്ന് നവാസ് ശരീഫ്

Posted on: November 26, 2014 1:04 pm | Last updated: November 26, 2014 at 11:59 pm

nawas sherifകാത്മണ്ഡു: തര്‍ക്കങ്ങളെല്ലാം പരിഹരിച്ച സമാധാനപൂര്‍ണമായ ദക്ഷിണേഷ്യയാണ് പാകിസ്ഥാന്റെ ലക്ഷ്യമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. സാര്‍ക്ക് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരസ്പര വിശ്വാസം ആവശ്യമാണ്. ഇതിനായി സാര്‍ക്കിലെ അംഗങ്ങളെല്ലാം സഹകരണം വര്‍ധിപ്പിക്കണമെന്നും ശരീഫ് ആവശ്യപ്പെട്ടു.
ദാരിദ്ര്യത്തിനും നിരക്ഷരതയ്ക്കും രോഗങ്ങള്‍ക്കുമെതിരെ സാര്‍ക്ക് രാജ്യങ്ങള്‍ ഒരുമിക്കണം. ഈ ഉച്ചകോടിയിലൂടെ പാക് ജനതയുടെ പ്രതീക്ഷകളെ സാക്ഷാല്‍ക്കരിക്കാന്‍ കഴിയുമെന്നും ശരീഫ് പ്രത്യാശ പ്രകടിപ്പിച്ചു. സാര്‍ക്ക് ഉച്ചകോടി വിജയകരമാക്കാന്‍ പ്രവര്‍ത്തിച്ച നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാളയ്ക്ക് ശരീഫ് നന്ദി അറിയിച്ചു.
അഫ്ഗാന്‍ മണ്ണില്‍ യുദ്ധം നടത്താന്‍ ആരെയും അനുവദിക്കില്ലെന്നും രാജ്യത്ത് സമാധാനം നിലനിര്‍ത്തുകയാണ് തന്റെ സര്‍ക്കാറിന്റെ ലക്ഷ്യമെന്നും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ തീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളി ഏറെ വലുതാണെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്ഷെ പറഞ്ഞു.