Connect with us

Wayanad

മദ്യ കുംഭകോണം ചരിത്രത്തില്‍ ആദ്യം: എം സി ജോസഫൈന്‍

Published

|

Last Updated

കല്‍പ്പറ്റ: മദ്യ കുംഭകോണം സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണെന്ന്സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം സി ജോസഫൈന്‍ പറഞ്ഞു. ബാര്‍ കോഴയില്‍ ആരോപണവിധേയനായ ധനമന്ത്രി കെ എം മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിയിരുന്നു അവര്‍. കോടികളുടെ അഴിമതിയാണ് മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും നടത്തിയത്. ഏത് സുഗന്ധതൈലം പൂശിയാലും ഉമ്മന്‍ചാണ്ടിയുടെ കൈയ്യിലെ അഴിമതിയുടെ ദുര്‍ഗന്ധം മാറില്ല. മന്ത്രി കെ ബാബുവും ബാറുകാരുടെ പണം കൈപ്പറ്റിയിട്ടുണ്ട്. ബാബു എക്‌സൈസ് വകുപ്പ് മന്ത്രിയായ ഉടന്‍ ബാറുകാര്‍ പണം പിരിച്ചു നല്‍കി. എറണാകുളത്തെ ബാറുടമായാണ് തന്നോടിക്കാര്യം പറഞ്ഞതെന്നും ജോസഫൈന്‍ വെളിപ്പെടുത്തി. മദ്യനയത്തില്‍ ഒറ്റക്കെട്ടാണെന്ന് പറഞ്ഞ യുഡിഎഫില്‍ ഇപ്പോള്‍ മദ്യത്തെ ചൊല്ലി തമ്മില്‍തല്ല് രൂക്ഷമാണ്. വി എം സുധീരനും മറ്റ് യുഡിഎഫ് നേതാക്കളും ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇവരുടെ അടിയില്‍ ദുരിതം പേറുന്നത് സാധാരണ ജനങ്ങളാണ്. വിലക്കയറ്റംപോലുള്ള ഗുരതരപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യാതൊരു നടപടിയും ഇല്ല. സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തീക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയുമാണ്. നിയസമഭയുടെ അംഗീകാരമില്ലാതെ അധിക നികുതി അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും ജോസഫൈന്‍ പറഞ്ഞു.സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര അധ്യക്ഷനായി. പി എം ജോയി, പി എസ് ബാലന്‍, പി ജെ കാതറിന്‍, പി വി പത്മാനാഭന്‍ എന്നിവര്‍ സംസാരിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ കെ വി മോഹനന്‍ സ്വാഗതവും പി വി സഹദേവന്‍ നന്ദിയും പറഞ്ഞു. വി പി ശങ്കരന്‍നമ്പ്യാര്‍, എം ഡി സെബാസ്റ്റിയന്‍, എം മധു, പി കെ മൂര്‍ത്തി എന്നിവര്‍ നേതൃത്വം നല്‍കി.