ജില്ലാ ആശുപത്രിയെ രക്ഷിക്കാന്‍ ഡോക്ടര്‍മാരുടെ കൂട്ടായ ഒ പി

Posted on: November 26, 2014 11:36 am | Last updated: November 26, 2014 at 11:36 am

മാനന്തവാടി: ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിച്ച് ജില്ലാ ആശുപത്രിയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ ജി എം ഒയുടെ നേതൃത്വത്തില്‍ കോമണ്‍ ഒ പി സംഘടിപ്പിച്ചു. ആശുപത്രിയിലെ കാഷ്വാലിറ്റിക്ക് മുന്നിലാണ് ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചത്. ജില്ലയില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍മാരെ നിയമിക്കുക, ജില്ലക്ക് പ്രത്യേക ആരോഗ്യ പാക്കേജ് അനുവദിക്കുക, വെട്ടിക്കുറച്ച പി ജി സീറ്റുകള്‍ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പരിശോധന. ഇതെ ആവശ്യമുന്നയിച്ച് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിക്ക് മുന്നിലും ഓപ്പണ്‍ ഒ പി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ജില്ലാ ആശുപത്രിയിലും ഡോക്ടര്‍മാരുടെ കൂട്ടായ്മയില്‍ ഒ പി ആരംഭിച്ചത്.

ഒഴിവുകളിലൊന്നും ഡോക്ടര്‍മാരെ നിയമിക്കാതെ വിരലിലെണ്ണാവുന്നവരെ കൊണ്ട് ആശുപത്രി പ്രവര്‍ത്തിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കാനാണ് ഡോക്ടര്‍മാര്‍ വ്യത്യസ്ഥമായ മാര്‍ഗം സ്വീകരിച്ചത്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ഒ പി, കാഷ്വാലിറ്റി എന്നിവിടങ്ങളിലേക്ക് സേവനം ചെയ്തു കൊണ്ടും പേ വാര്‍ഡുകളില്‍ സന്ദര്‍ശിച്ചുമാണ് സമരം. ഒ പി യില്‍ ക്യൂ നിന്ന നൂറുക്കണക്കിന് രോഗികളെയാണ് ഒന്നിച്ചെത്തി ഡോക്ടര്‍മാര്‍ പരിശോധിച്ചത്. 200 കിടക്കകളും 400 ലേറെ രോഗികളെ കിടത്തി ചികിത്സപ്പിക്കുകയും നൂറുക്കണക്കിന് രോഗികള്‍ ഒ പിയില്‍ ചികിത്സ തേടി എത്തുകയും ചെയ്യുന്ന ജില്ലാ ആശുപത്രിയില്‍ ആവശ്യമുള്ളത് 90 ഡോക്ടര്‍മാരെയാണ്. എന്നാല്‍ അനുവദിച്ച തസ്തിക 58 ആണ്. ഇതില്‍ 34 പേരാണ് ആശുപത്രിയില്‍ സേവനം ചെയ്യുനന്തായി രേകഖകളിലുള്ളത്. എന്നാല്‍ അവധിയില്‍ പോയവര്‍, മൊബൈല്‍ യൂണിറ്റ്, ബ്ലഡ് ബേങ്ക് എന്നിങ്ങനെയുള്ള മറ്റു ഡ്യൂട്ടിക്ക് നിയോഗിച്ചവര്‍ എന്നിവരെ ഒഴിവാക്കിയാല്‍ പ്രത്യക്ഷത്തില്‍ 23 പേര്‍ മാത്രമാണ് ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നത്. ഇതിനെതിരെയാണ് രോഗികളെ പരിശോധിച്ചു കൊണ്ടുള്ള കെ ജി എം ഒ എ സമരം. ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ ഈ രീതിയിലുള്ള പ്രതിഷേധം തുടരുമെന്ന് കെ ജി എം ഒ എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജ്യോതി ഇഗ്നേഷ് പറഞ്ഞു. ജില്ലയില്‍ ആകെയുള്ള 184 തസ്തികകളില്‍ 58 ഒഴിഞ്ഞു കിടക്കുകയാണ്.