ബസില്‍ പോക്കറ്റടി: രണ്ട് പേര്‍ പിടിയില്‍

Posted on: November 26, 2014 9:57 am | Last updated: November 26, 2014 at 9:57 am

രാമനാട്ടുകര: ബസില്‍ പോക്കറ്റടിച്ച് എ ടി എം കാര്‍ഡും പണവും കവര്‍ന്ന കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം, എടക്കൊച്ചി പള്ളുരുത്തി നെല്ലിക്കല്‍ നാസര്‍ (48), താമരശ്ശേരി അമ്പായത്തോട് തെക്കിനകത്ത് ഷമീര്‍ (37) എന്നിവരെയാണ് ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 11 ന് രാവിലെ രാമനാട്ടുകര തോട്ടുങ്ങലില്‍ നിന്ന് കോഴിക്കോട്ടേക്ക് ബസില്‍ കയറിയ റിട്ട. മജിസ്‌ട്രേറ്റ് മാധവന്റെ പോക്കറ്റില്‍ നിന്നാണ് 3500 രൂപയും എ ടി എം കാര്‍ഡും കവര്‍ന്നത്. പതിനൊന്ന് മണിയോടെ എസ് ബി ടി യുടെ രാമനാട്ടുകര എ ടി എം കൗണ്ടറില്‍ നിന്ന് 10,000 രൂപ വീതം നാല് തവണയായി പിന്‍വലിച്ചു. ഫോണിലേക്ക് മെസേജ് വന്നപ്പോഴാണ് എ ടി എം കാര്‍ഡും പണവും പോക്കറ്റടിച്ചതായി മനസ്സിലായത്. പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എ ടി എം. സി സി ടി വി പരിശോധിച്ചപ്പോള്‍ പ്രതികളുടെ ഫോട്ടോ ലഭിച്ചിരുന്നു. ബസില്‍ തിക്കുതിരക്കും കൂട്ടി രാമനാട്ടുകരയില്‍ ഇറങ്ങിയ ഷമീറിന്റെ മുഖം മാധവന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ഇവരുടെ കൂടെയുണ്ടായിരുന്ന രാമനാട്ടുകര സ്വദേശി റശീദിനെ പിടികൂടാനായിട്ടില്ല. ഫറോക്ക് എസ് ഐ. എം എ നാസറിന്റെ നേതൃത്വത്തിലാണ് പ്രതികളെ ഇന്നലെ രാമനാട്ടുകര ബീവറേജിന് സമീപത്ത് നിന്ന് അറസ്റ്റ് ചെയ്തത്.ഇന്ന് കോടതിയില്‍ ഹാജരാക്കും.