Connect with us

Ongoing News

മുല്ലപ്പെരിയാര്‍ പുനഃപരിശോധന ഹരജി രണ്ടിന് പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്നും പുതിയ ഡാം വേണ്ടെന്നുമുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഉത്തരവിന്മേല്‍ കേരളം നല്‍കിയ പുനപരിശോധന ഹരജി ഡിസംബര്‍ രണ്ടിന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന്റെ ചേംബറില്‍ പരിഗണിക്കുന്ന ഹരജിയില്‍ പുനഃപരിശോധന വാദം കേള്‍ക്കാന്‍ സന്നദ്ധമായാല്‍ കേസ് വീണ്ടും തുറന്ന കോടതിയിലെത്തും. പുനപരിശോധനാ ഹര്‍ജി പരിഗണിക്കണോ, വേണ്ടയോ എന്ന കാര്യം മാത്രമാണ് ചേംബറില്‍ തീരുമാനിക്കുക. തുടക്കത്തില്‍ തന്നെ തള്ളിയാല്‍ കേരളത്തിന്റെ എല്ലാവഴികളും അടയും. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താനുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം നല്‍കിയ ഹര്‍ജി അഞ്ച് മാസത്തിന് ശേഷമാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ബെഞ്ച് പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ജഡ്ജിയുടെ അസൗകര്യത്തെ തുടര്‍ന്ന് അന്ന് മാറ്റിവെച്ചതാണ്. ആര്‍ എം ലോധ ഇതിനിടെ ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിച്ചു. തമിഴ്‌നാടുമായി മുല്ലപ്പെരിയാരിലെ വെള്ളം പങ്കുവെക്കുന്നതിനുള്ള 1886 പാട്ടക്കരാര്‍ സാധുവാണെന്ന സുപ്രീം കോടതിയുടെ കണ്ടെത്തല്‍ ശരിയല്ലെന്നാണ് പുനഃപരിശോധന ഹരജിയിലെ കേരളത്തിന്റെ വാദം.