Connect with us

Articles

മറക്കാനാവില്ല ചന്തുമേനോനെ

Published

|

Last Updated

മലയാള ഗദ്യ സാഹിത്യത്തില്‍ ശാശ്വത പ്രതിഷ്ഠ നേടിയ അപൂര്‍വ പ്രതിഭയാണ് ഒയ്യാരത്ത് ചന്തുമേനോന്‍. അദ്ദേഹത്തിന്റെ ഇന്ദുലേഖ എന്ന നോവല്‍ മലയാള ഗദ്യസാഹിത്യ വികാസത്തിലെ യഥാര്‍ഥ വഴിത്തിരിവ് അടയാളപ്പെടത്തുന്നു. കാവ്യമേഖലയില്‍ മഹാകവികളായ വളളത്തോളും കുമാരനാശാനും ഉളളൂര്‍ പരമേശ്വരയ്യരും കൈവരിച്ചിരുന്ന മഹനീയ സ്ഥാനത്തിന് തുല്യമാണ് മലയാള ഗദ്യസാഹിത്യത്തില്‍ ചന്തുമേനോന്‍ നേടിയത് എന്നു പറഞ്ഞാല്‍ അത് അധികപ്പറ്റാകില്ല. ഒരു മഹാകാവ്യത്തിന് സമാനമായ പദവിയാണ് മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ ഗദ്യശാഖയില്‍ കുറിച്ചത് എന്നതു തന്നെയാണ് ഈ പ്രസ്താവനയുടെ ന്യായീകരണം.
ഇന്ന് നോവല്‍ രചന പുതുമയുളള ഒരു കാര്യമല്ല. എണ്ണത്തിലും രചനാ വൈഭവത്തിലും രൂപഭാവങ്ങളുടെ വൈവിധ്യത്തിലും ഐതിഹാസിക മാനം ആര്‍ജിക്കുന്നതിലും ആധുനിക മലയാള ഗദ്യസമ്പത്തില്‍ ഭീമഭാഗം ഇന്നു നോവല്‍ നേടിക്കഴിഞ്ഞിരിക്കുന്നു. പുസ്തക രൂപത്തില്‍ മാത്രമല്ല, ആനുകാലികങ്ങളിലെ ഖണ്ഡശ്ശയായുളള സ്ഥിരം സാന്നിധ്യമായും നോവല്‍ സാഹിത്യം ഇടംപിടിച്ചിരിക്കുന്നു. അതിസമൃദ്ധമായ ഈ ഗദ്യസാഹിത്യ ശാഖയിലെ ആദിമാതൃക എന്നതാണ് ഇന്ദുലേഖയുടെ സര്‍വകാല പ്രസക്തി. അതിന്റെ സാഹിത്യമൂല്യങ്ങളെയും മേന്‍മകളെയും കുറിച്ച് ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്. അത് ഇവിടെ പരാമര്‍ശ വിഷയമല്ല. ഇന്ദുലേഖയ്ക്കും അതിന്റെ കര്‍ത്താവായ ചന്തുമേനോനും നമ്മുടെ സാഹിത്യവികാസത്തിനുളള നിസ്തുല സ്ഥാനം ചൂണ്ടിക്കാണിക്കുവാന്‍ മാത്രമാണ് ഇവിടെ ശ്രമിക്കുന്നത്.
മലയാളത്തിന്റെ മഹാകവിമാരെയും മറ്റ് സാഹിത്യ മഹാരഥന്‍മാരെയും ആദരിക്കുന്നതിന് കേരളത്തിലെ ജനങ്ങളും സര്‍ക്കാരും ഒരു പോലെ ഉത്സാഹം കാണിച്ചിട്ടുണ്ട്. അവര്‍ സമാരംഭിച്ച മഹത്പാതകള്‍ പിന്‍തുടര്‍ന്നുകൊണ്ടും അവരില്‍ നിന്ന് ഉത്തേജനവും ഊര്‍ജവും നുകര്‍ന്നുകൊണ്ടും അനേകം പേര്‍ കവിതാ രചനയെ ഉപാസിച്ചിട്ടുമുണ്ട്. ജനങ്ങളുടെയും സര്‍ക്കാരിന്റെയും ആദര സൂചകമായി ഈ മഹാരഥന്‍മാരുടെ പേരില്‍ വളളത്തോള്‍ സ്മാരകവും ആശാന്‍ സ്മാരകവും ഉളളൂര്‍ സ്മാരകവും സ്ഥാപിക്കപ്പെട്ടിട്ടുണ്ട് എന്നു മാത്രമല്ല, യൂനിവേഴ്‌സിറ്റികളിലും മറ്റ് അക്കാദമിക സ്ഥാപനങ്ങളിലും ചെയറുകള്‍ ആരംഭിച്ചിട്ടുമുണ്ട്. കവിത്രയത്തിന്റെ സൃഷ്ടികള്‍ വായിച്ചു രസിച്ചുകൊണ്ടും അവരുടെ സ്മരണയില്‍ ആവേശം പൂണ്ടുകൊണ്ടുമാണ്് ചെറുതും വലുതുമായ അനേകം കാവ്യപ്രതിഭകള്‍ മലയാള മണ്ണില്‍ തഴച്ചുവളര്‍ന്നത്.
തലശ്ശേരിയില്‍ താമസിച്ച ഹ്രസ്വകാലയളവില്‍ (1839-59) ഹെര്‍മന്‍ ഗുണ്ടര്‍ട്ട് എന്ന ജര്‍മന്‍ മിഷനറി-ബുദ്ധിജീവി മലയാള ഭാഷക്കും സാഹിത്യത്തിനും അതിമഹത്തായ സംഭാവനകളാണ് ചെയ്തിട്ടുളളത്. രണ്ടു ദശാബ്ദക്കാലത്തെ താമസത്തിനുശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയെങ്കിലും അസാധാരണമായ സര്‍ഗപൈതൃകമാണ് ഗുണ്ടര്‍ട്ട് ഇവിടെ വിട്ടേച്ചുപോയത്. അദ്ദേഹത്തിന്റെ സര്‍ഗ ചൈതന്യം അനഘമായി ഈ നാട്ടിലെ സര്‍ഗപ്രതിഭകളെ സ്വാധീനിച്ചു എന്ന് നിസ്സംശയം പറയാം. പറയത്തക്ക സാഹിത്യ-ധൈഷണിക ശ്രമങ്ങള്‍ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ പ്രകടമല്ലാതിരുന്ന ഒന്നര നൂറ്റാണ്ടു മുമ്പുളള ആ കാലഘട്ടത്തില്‍, പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരപാദത്തില്‍, അനിതര സാധാരണമായ സാഹിത്യ സര്‍ഗ യജ്ഞങ്ങള്‍ തലശ്ശേരിയില്‍ നാമ്പുപൊട്ടി വികസിച്ചു എന്നത് ശ്രദ്ധേയമാണ്. ഗുണ്ടര്‍ട്ടിന്റെ ബൗദ്ധിക പ്രയത്‌നങ്ങള്‍ ഈ പുത്തനുണര്‍വിന്റെ പ്രേരണയായിരുന്നു. ആദ്യകാല കഥാകാരനും പ്രബന്ധകാരനുമായ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായര്‍(1861-1914), ചെറുകഥാ സാഹിത്യത്തിന്റെ ആദ്യ മാതൃകകള്‍ പ്രദാനം ചെയ്ത മൂര്‍ക്കോത്തു കുമാരന്‍(1874-1941), മലയാള നോവല്‍ രചനയില്‍ അഗ്രഗാമിയായ ഒയ്യാരത്തു ചന്തുമേനോന്‍(1847-1899), അതേ പരമ്പരയില്‍ ഒടുവിലത്തെ കണ്ണികള്‍ എന്നു പറയാവുന്ന സഞ്ജയന്‍(1903-1943), ജന്‍മനാ മലയാളിയല്ലെങ്കിലും തലശ്ശേരിയില്‍ സ്ഥിരതാമസമാക്കിയിരുന്ന ഭാഷാവിജ്ഞാനിയായ ശേഷഗിരി പ്രഭു(1855-1924) എന്നിവരെല്ലാം ഗുണ്ടര്‍ട്ടിന്റെ ധൈഷണിക-സാഹിത്യ പാരമ്പര്യത്തിന്റെ തുടര്‍ന്നുളള വാഹകരാണ്. ഒരു പക്ഷേ, സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയില്‍പ്പെട്ട് രാഷ്ട്രീയ മേഖലയില്‍ ഉദ്ബുദ്ധതയോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമായാകാം, പില്‍ക്കാലങ്ങളില്‍ സാഹിത്യമേഖലയില്‍ തലശ്ശേരിയില്‍ ഏറെ സര്‍ഗ്ഗ പ്രയത്‌നങ്ങള്‍ നടക്കാതെ പോയത്.
നമ്മുടെ സാഹിത്യ-ധൈഷണിക പൈതൃകം വീണ്ടെടുക്കേണ്ട സമയം സമാഗതമായിരിക്കുന്നു. ഇന്ദുലേഖയുടെ 125-ാം വാര്‍ഷികം കൊണ്ടാടുന്ന ഈ അവസരത്തില്‍ ചന്തുമേനോന്റെ പേരില്‍ ഒരു സാംസ്‌കാരിക കേന്ദ്രം അദ്ദേഹത്തിന്റെ കര്‍മഭൂമിയായ തലശ്ശേരിയില്‍ സ്ഥാപിക്കേണ്ടത് അനിവാര്യമാണ് എന്ന് ഇവിടെ ചൂണ്ടിക്കാണിച്ചുകൊളളട്ടെ. സാഹിത്യ സാംസ്‌കാരിക നായകന്‍മാരുടെ സ്മാരകങ്ങളുടെ കാര്യത്തില്‍ വടക്കേ മലബാര്‍ പൊതുവേയും തലശ്ശേരി പ്രതേ്യകിച്ചും വളരെ ദരിദ്രമാണ്. വളരെ മഹത്തായ സാംസ്‌കാരിക-സാഹിത്യ-ധൈഷണിക പൈതൃകം അവകാശപ്പെടുന്ന ഈ മനോഹര നഗരത്തിന് ഇത് ഒരു പോരായ്മ തന്നെയാണ്. ഈ വിടവ് നികത്താന്‍ ഇന്ദുലേഖയുടെ 125-ാം വാര്‍ഷികം പ്രയോജനപ്പെടുത്തേണ്ടതുണ്ട്. കേരള സര്‍ക്കാരും സാംസ്‌കാരിക മന്ത്രിയും മുന്‍കൈ എടുത്ത് ചന്തുമേനോന്റെ നാമധേയത്തില്‍ തലശ്ശേരിയില്‍ ഒരു സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കണമെന്നത് നാട്ടുകാരുടെ തീവ്ര വികാരമാണ്.
ഇന്ദുലേഖയുടെ 125-ാം വാര്‍ഷികം പുതിയ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സന്ദര്‍ഭമാക്കേണ്ടിയിരിക്കുന്നു. ബഹുമുഖമായ സാഹിത്യ-സാംസ്‌കാരിക-ധൈഷണിക ശ്രമങ്ങള്‍ക്ക് വേദിയൊരുക്കാനും ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കൂടുതല്‍ സ്ഥായിയായ സര്‍ഗ ചിന്തകളിലേക്കും ഒരിക്കല്‍കൂടി ഈ പ്രദേശത്തെ യുവാക്കളുടെയും മുതിര്‍ന്നവരുടെയും ശ്രദ്ധ തിരിച്ചുകൊണ്ടുവരാനും ശാശ്വത സ്വഭാവമുളള ഒരു സാംസ്‌കാരിക സ്ഥാപനം തലശ്ശേരിയില്‍ സ്ഥാപിക്കേണ്ടത് അനിവാര്യമായ ഒരു ആവശ്യമാണ്. പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍തന്നെ സംഘടിപ്പിക്കപ്പെടുന്ന ഇന്ദുലേഖയുടെ 125-ാം വാര്‍ഷികാഘോഷത്തിന്റെ പ്രകടമായ ശേഷിപ്പ് ചന്തുമേനോന്‍ സ്മാരകം എന്ന ഒരു മഹത് സാംസ്‌കാരിക കേന്ദ്രം തന്നെയായിരിക്കണം.ഇന്ദുലേഖയുടെ 125-ാം വാര്‍ഷികം ഈ മാസം തലശ്ശേരിയില്‍ ആഘോഷിക്കുകയാണ്. ആഘോഷങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പ് ആണ്. ഈ മഹല്‍കൃത്യം ഏറ്റെടുത്തതിന് കേരള സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് മാത്രമല്ല ഒരു നാടിന്റെ കൃതജ്ഞത നേടുക കൂടി ചെയ്തിരിക്കുകയാണ്.

---- facebook comment plugin here -----

Latest