വിഷ രഹിത പച്ചക്കറി ഉത്പാദനത്തിനും സി പി എം പദ്ധതി തയ്യാറാക്കും: പിണറായി

Posted on: November 26, 2014 12:06 am | Last updated: November 25, 2014 at 11:06 pm

കണ്ണൂര്‍: മാലിന്യവിമുക്ത പദ്ധതിയുടെ രണ്ടാംഘട്ടമെന്ന നിലയില്‍ പാര്‍ട്ടി വിഷ രഹിത പച്ചക്കറി ഉത്പാദനവും ലക്ഷ്യമിടുന്നുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മാലിന്യവിമുക്ത കേരളം പദ്ധതി പാര്‍ട്ടി പരിപാടിയല്ല. മറിച്ച് എല്ലാവിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ നാടിനുവേണ്ടി നടപ്പാക്കുന്ന പദ്ധതിയാണ്. രാഷ്ട്രീയമായി എതിര്‍പ്പുള്ളവര്‍ പോലും ഇക്കാര്യത്തില്‍ സഹകരണം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാലിന്യവിമുക്ത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി സി പി എം സംഘടിപ്പിച്ച ശുചിത്വ സെമിനാര്‍ കണ്ണൂര്‍ ടൗണ്‍സ്‌ക്വയറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. മാലിന്യ സംസ്‌കരണ പദ്ധതികള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ചെയ്യേണ്ട കാര്യമാണ്. എന്നാല്‍, എവിടെയെങ്കിലും ഇവര്‍ ഇത്തരത്തില്‍ മാലിന്യ സംസ്‌കരണം നടത്തുന്നുണ്ടെങ്കില്‍ അവിടെ ജനകീയ പങ്കാളിത്തത്തോടെ മാലിന്യസംസ്‌കരണ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ പാര്‍ട്ടി മുന്നിട്ടിറങ്ങും. പിണറായി പറഞ്ഞു.