അഞ്ചു കിലോ മീറ്റര്‍ സ്വര്‍ണമാല ഒരുക്കുന്നു

Posted on: November 25, 2014 9:00 pm | Last updated: November 26, 2014 at 11:21 am

goldദുബൈ: ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഗോള്‍ഡ് പ്രമോഷന്റെ ഭാഗമായി ദുബൈ സെലിബ്രേഷന്‍ ചെയിന്‍ എന്ന പേരില്‍ അഞ്ച് കിലോമീറ്റര്‍ നീളമുള്ള സ്വര്‍ണമാല ഒരുങ്ങുന്നു. ഇത് ഗിന്നസ് വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡില്‍ സ്ഥാനം പിടിക്കുമെന്ന് ചന്തുസിറോയ പറഞ്ഞു.
ജനുവരി ഒന്നിന് സ്വര്‍ണമാല നിര്‍മാണം പൂര്‍ത്തിയാകും. സ്‌കൈ, മലബാര്‍ ഗോള്‍ഡ്, സിറോയ, ഇമാറാള്‍ഡ് എന്നീ ജ്വല്ലറികള്‍ ചേര്‍ന്നാണ് അഞ്ച് കിലോമീറ്റര്‍ നീളത്തിലുള്ള മാല നിര്‍മിക്കുന്നത്. ഇത് ഉപഭോക്താക്കള്‍ക്ക് മുറിച്ചുവില്‍ക്കും. 22 കാരറ്റ് സ്വര്‍ണമാണ് ഉപയോഗിക്കുന്നത്. കരവിരുതിലാണ് ചെയിന്‍ ഒരുങ്ങുന്നത്. രണ്ട് കിലോമാല ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ജനുവരി ആദ്യവാരം തന്നെ മാലയുടെ ഭാഗത്തിന് വേണ്ടി വിവിധ ജ്വല്ലറികളില്‍ ബുക്കിംഗ് തുടങ്ങും. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് മാലയുടെ ഭാഗങ്ങള്‍ നല്‍കുക. 160 കിലോയാണ് ഇതിന് ഭാരം വരിക. മാലയുടെ ഭാഗത്തിന് ആവശ്യക്കാര്‍ വര്‍ധിക്കുകയാണെങ്കില്‍ എട്ട് കിലോമീറ്റര്‍ വരെ നീളാനും സാധ്യതയുണ്ടെന്ന് ചന്തുസിറോയ പറഞ്ഞു. ആദ്യമായാണ് ഇത്തരം ഒരു മാല ദുബൈയില്‍ പണിയുന്നത്. ജനുവരി അഞ്ചിന് മാലയുടെ ഭാഗങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങും. ജനുവരി രണ്ടിന് മാല പ്രദര്‍ശനം തുടങ്ങും.