Connect with us

Gulf

പുകമഞ്ഞ് കനത്തു; വ്യോമ ഗതാഗതം താറുമാറായി

Published

|

Last Updated

അബുദാബി: കനത്ത പുകമഞ്ഞ് വ്യോമഗതാഗതത്തെ ബാധിച്ചു. അബുദാബിയില്‍ 44 വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്തു.

കൊളംബോ, ദോഹ, കുവൈത്ത്, ദമാം, ലണ്ടന്‍, സീഷന്‍സ് വിമാനങ്ങള്‍ അല്‍ ഐന്‍, അല്‍ ബത്തീന്‍, ദുബൈ വേള്‍ഡ് സെന്‍ട്രല്‍ എന്നിവിടങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. കുറെ സര്‍വീസുകള്‍ റദ്ദാക്കേണ്ടിയും വന്നിട്ടുണ്ട്. അര്‍ധരാത്രി മുതലാണ് പുകമഞ്ഞിന്റെ സാന്നിധ്യം വിമാനത്താവളത്തില്‍ അനുഭവപ്പെടാന്‍ തുടങ്ങിയത്. രാവിലെ 6.10 ആയതോടെ വിമാന ഗതാഗതം തടസപ്പെടുന്നത്രയും കടുത്ത തോതില്‍ പുകമഞ്ഞ് വിമാനത്താവളത്തെ മൂടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. മൊത്തത്തില്‍ 21 വിമാനങ്ങളാണ് വഴി തിരിച്ചുവിട്ടത്. ഇതില്‍ 18ഉം യാത്രാവിമാനങ്ങളായിരുന്നു. മൂന്നെണ്ണം കാര്‍ഗോ വിമാനങ്ങളാണ്.
വിമാന ഗതാഗതം താറുമാറായതോടെ ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അധികൃതര്‍ നൂറോളം ജീവനക്കാരെ അബുദാബി വിമാനത്താവളത്തില്‍ അധികമായി നിയോഗിച്ചു. ടിക്കറ്റെടുത്ത യാത്രക്കാര്‍ ഇത്തിഹാദ് എയര്‍വെയ്‌സിന്റെ കോണ്‍ടാക്ട് സെന്ററുമായി ബന്ധപ്പെടേണ്ടതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. +971 (0) 2599 0000 എന്ന നമ്പറിലോ, www.etihad.com/flightstatus എന്ന സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.
റോഡ് ഗതാഗതത്തെയും പുകമഞ്ഞ് ബാധിച്ചു. നിരവധി സ്ഥലങ്ങളില്‍ ചെറിയ അപകടങ്ങള്‍ നടന്നു. രാവിലെ ദൂരക്കാഴ്ച നന്നേകുറവായിരുന്നു. ട്രാഫിക് പോലീസ് പട്രോളിംഗ് വര്‍ധിപ്പിച്ചു.
ജാഗ്രതയോടെ റോഡില്‍ വാഹനങ്ങള്‍ വേഗം കുറച്ച് സഞ്ചരിക്കണമെന്ന് ഡ്രൈവര്‍മാരോട് അബുദാബി പൊലീസ് ട്രാഫിക് ആന്‍ഡ് പെട്രോള്‍ ഡയറക്ടറേറ്റ് അഭ്യര്‍ഥിച്ചു. പ്രതികൂല കാലാവസ്ഥയില്‍ റോഡിലൂടെയുള്ള സഞ്ചാരത്തില്‍ കര്‍ശന നിയന്ത്രണം പാലിക്കണം. മൂടല്‍മഞ്ഞും മഴയും പൊടിക്കാറ്റും ഉള്‍പ്പെടെ ദൂരക്കാഴ്ചക്കു തടസമുണ്ടാക്കുന്ന കാലാവസ്ഥയില്‍ അതീവ ജാഗ്രതയോടെ വേണം വാഹനവുമായി നിരത്തിലിറങ്ങാനെന്നും പെട്ടെന്നു ബ്രേക്ക് ചവിട്ടുന്നതൊഴിവാക്കാന്‍ മുമ്പിലുള്ള വാഹനവുമായി നിശ്ചിത അകലം പാലിക്കുകയും വേണം. അബുദാബി പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് പബ്ലിക് റിലേഷന്‍സ് വിഭാഗം ചീഫ് ലെഫ്റ്റനന്റ് കേണല്‍ ജമാല്‍ സാലെം അല്‍ ആമിരി അറിയിച്ചു.
കാലാവസ്ഥാ പ്രവചനം ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കുകയും യാത്ര അതനുസരിച്ച് പ്ലാന്‍ ചെയ്യുകയും ചെയ്താല്‍ തിക്കിലും തിരക്കിലും ഉണ്ടാകുന്ന അപകട സാധ്യത ഒഴിവാക്കാനും സാധിക്കും. റോഡില്‍ സഞ്ചരിക്കുന്ന മറ്റുള്ളവരുടെയും സുരക്ഷിതത്വം പരിഗണിച്ച് മുന്‍പിലുള്ള വാഹനവുമായി അകലം പാലിക്കുന്നതോടൊപ്പം കഴിയുന്നതും വാഹനങ്ങളെ മറികടക്കുന്നതും ഒഴിവാക്കുക. ഫാസ്റ്റ് ട്രാക്കിലൂടെ മാത്രം കൃത്യമായ സിഗ്നല്‍ നല്‍കി സുരക്ഷിതമായി മാത്രം മറ്റു വാഹനങ്ങളെ മറികടക്കുക. ചുറ്റുപാടുമുള്ള സാഹചര്യം മനസിലാക്കി ഉചിതമായ വേഗം ഡ്രൈവര്‍മാര്‍ പാലിക്കുകയും വേണം. ട്രാ ഫിക് വിഭാഗം അറിയിച്ചു.