സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നേപ്പാളിലെത്തി

Posted on: November 25, 2014 4:29 pm | Last updated: November 25, 2014 at 5:06 pm
MODI-AT-NEPAL
പ്രധാനമന്ത്രി നേരന്ദ്ര മോഡി നേപ്പാളി സ്കൂള്‍ കുട്ടികളോട് കുുശലം പറയുന്നു

കാഠ്മണ്ഡു: നാളെ ആരംഭിക്കുന്ന ദ്വിദിന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നേപ്പാളിലെത്തി. ഊഷ്മള വരവേല്‍പ്പ് നല്‍കിയാണ് പ്രധാനമന്ത്രിയെ നേപ്പാള്‍ ജനത സ്വികരിച്ചത്. തുടര്‍ന്ന് അദ്ദേഹം കാഠ്മണ്ഡുവിലെ ബിര്‍ ആശുപത്രിയില്‍ ഇന്ത്യ നിര്‍മിച്ച ട്രോമ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നേപ്പാള്‍ ജനത തനിക്ക് നല്‍കിയ സ്‌നേഹം ഒരിക്കലും മറക്കില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി നേപ്പാള്‍ ജനത ദുഃഖിതരാണെങ്കില്‍ ഇന്ത്യക്ക് ചിരിക്കാനാകില്ലെന്നും കൂട്ടിച്ചേര്‍്തതു. നേപ്പാളിന്റെ സന്തോഷമാണ് തങ്ങളുടെയും സന്തോഷമെന്നും മോഡി പറഞ്ഞു.

നാളെയും മറ്റന്നാളുമായി നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ വിവിധ വിഷയങ്ങളിലുള്ള ഇന്ത്യന്‍ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കും. അയല്‍രാജ്യങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിനാണ് തന്റെ ഗവണ്‍മെന്റ് പ്രധാന്യം നല്‍കുന്നതെന്ന് മോഡി നേരത്തെ വ്യക്തമാക്കിയിരുന്നു.

അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനി, ബംഗ്ലാദേശ് പ്രധാനമന്ത്രി ശേഖ് ഹസീന, ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രജപക്‌സെ തുടങ്ങിയ രാഷ്ട്ര നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. അതേസമയം, പാക് പ്രധാനമന്ത്രി നവാസ് ശര്‍ീഫുമായി കൂടിക്കാഴ്ച നടത്തുന്നത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പുകള്‍ ഇതുവരെ ലഭ്യമല്ല.

പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം മോഡി പങ്കെടുക്കുന്ന ആദ്യ സാര്‍ക്ക് ഉച്ചക്കോടിയാണിത്.