മന്‍മോഹനെ ചോദ്യം ചെയ്യാത്തതിന് സിബിഐക്ക് കോടതി വിമര്‍ശം

Posted on: November 25, 2014 1:59 pm | Last updated: November 26, 2014 at 12:28 am

manmohanന്യൂഡല്‍ഹി: കല്‍ക്കരി കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ചോദ്യം ചെയ്യാത്തതിന് സിബിഐക്ക് പ്രത്യേക കോടതിയുടെ വിമര്‍ശം. കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന മന്‍മോഹന്‍സിങ്ങിനെ ചോദ്യം ചെയ്യേണ്ടതായിരുന്നില്ലേയെന്ന് കോടതി ആരാഞ്ഞു. എന്നാല്‍ അനുവാദം ലഭിക്കാതിരുന്നത് കൊണ്ടാണ് പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാതിരുന്നതെന്ന് സിബിഐ വ്യക്തമാക്കി.
2005ല്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് കുമാരമംഗലം ബിര്‍ളയുടെ ഹിന്റാല്‍കോ ഇന്റസ്ട്രീസിന് ഒഡീഷയില്‍ കല്‍ക്കരിപ്പാടം അനുവദിച്ചത്. ലൈസന്‍സ് അനുവദിക്കുമ്പോള്‍ പ്രധാനമന്ത്രിക്കായിരുന്നു വകുപ്പിന്റെ ചുമതല. കഴിഞ്ഞ സെപ്റ്റംബറില്‍ അനധികൃത കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. 200ല്‍ അധികം കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സാണ് റദ്ദാക്കിയത്.
കേസ് ഡയറി ഉടന്‍ ഹാജരാക്കാന്‍ കോടതി സിബിഐയോട് ആവശ്യപ്പെട്ടു. ഹിന്റാല്‍കോ ഗ്രൂപ്പ് മേധാവി കുമാരമംഗളം ബിര്‍ള ഉള്‍പ്പെട്ട കേസ് പരിഗണിക്കുന്നത് കോടതി അടുത്ത ദിവസത്തേക്ക് മാറ്റി.