Connect with us

Malappuram

നഗരസഭക്ക് പങ്കില്ല; അധികൃതര്‍ നിയമ നടപടികളിലേക്ക്

Published

|

Last Updated

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ നഗരം ചുറ്റിയുള്ള ബസ് സര്‍വീസുകള്‍ നടത്തുന്നതിന് താത്കാലികമായി നിര്‍ത്തി വെക്കാന്‍ സബ്കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ബസുടമകളുടെയും ഉദ്യോഗസ്ഥരുടെയും നഗരസഭാധികൃതരുടെയും സംയുക്തയോഗത്തില്‍ തീരുമാനമായി. അതേ സമയം കാലങ്ങളായി നഗരത്തില്‍ നിലനില്‍ക്കുന്ന ഗതാഗത രീതിയില്‍ മാറ്റം വരുത്തിയ തീരുമാനത്തില്‍ നഗരസഭക്ക് യാതൊരുവിധ പങ്കുമില്ലെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ് അറിയിച്ചു.
ഗതാഗത ക്രമീകരണങ്ങളില്‍ കോഴിക്കോട്, കോട്ടക്കല്‍ ഭാഗങ്ങളില്‍ നിന്നും വരുന്ന ബസുകള്‍ മാനത്ത്മംഗലം ബൈപാസ് വഴി അല്‍ശിഫ ആശുപത്രി റോഡിലൂടെ നഗരത്തിലെത്തിപെടുന്ന രീതിയാണ് നിലവിലുള്ളത്. എന്നാല്‍ അങ്ങാടിപ്പുറത്ത് മേല്‍പാല നിര്‍മാണവുമായി ബന്ധപ്പെട്ടും റെയില്‍വേഗേറ്റ് അടക്കുന്ന സമയത്തും ബസുകള്‍ക്ക് യഥാസമയം ഓടിയെത്താന്‍ കഴിയുന്നില്ല.
ഇതുകാരണം ഇടക്ക് ചില ട്രിപ്പുകള്‍ പോലും നിര്‍ത്തിവെക്കേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്ന് ബസുടമകള്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് കലക്ടറുടെ നിര്‍ദേശാനുസരണം സബ്കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഇതേയാവശ്യം ബസുടമകള്‍ ആവര്‍ത്തിച്ച് പറയുകയും ഇതേ തുടര്‍ന്ന് പരീക്ഷണാടിസ്ഥാനത്തില്‍ ഒരാഴ്ച ബൈപാസിലൂടെ പോവാതെ നഗരത്തിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ അനുമതി കൊടുക്കുകയായിരുന്നു. ബസുടമകള്‍ക്ക് അനുകൂല നിലപാടെടുത്ത് യോഗ തീരുമാനത്തില്‍ പ്രതിഷേധിച്ച് നഗരസഭ ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജും വൈസ് ചെയര്‍മാന്‍ മുഹമ്മദ്‌സലീമും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്നു.
കാലങ്ങളായി നഗരത്തില്‍ നിലനില്‍ക്കുന്ന ഗതാഗത രീതിയില്‍ മാറ്റം വരുത്തിയ തീരുമാനത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും സബ്കലക്ടറടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കും അവര്‍ക്ക് നിര്‍ദേശം നല്‍കിയവര്‍ക്കും മാത്രമാണെന്ന് ചെയര്‍പേഴ്‌സണ്‍ പ്രസ്താവനയില്‍ പറഞ്ഞു. നഗരസഭയുടെ ഈ വിഷയത്തിലുള്ള എതിരഭിപ്രായം കൃത്യമായി യോഗത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ നീണ്ട പലതരം പരീക്ഷങ്ങളുടെയും വിദഗ്ധ പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇന്ന് നിലവിലുള്ള ഗതാഗത രീതി നഗരത്തില്‍ പ്രാബല്യത്തില്‍ വന്നത്.
ഇതുകാരണം നഗരത്തില്‍ വലിയ ഗതാഗത കുരുക്ക് ഇല്ലാത്ത ഒരു സാഹചര്യമാണുള്ളത്. ഇത് തകര്‍ക്കാനും വലിയൊരു ഗതാഗത കുരുക്കുകളിലേക്ക് നഗരത്തെ തള്ളിവിടാനും മാത്രമേ ഈ പുതിയ തീരുമാനം ഉപകരിക്കൂവെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. നഗരത്തിന്റെ ഗതാഗത പരിഷ്‌കാരം നഗരസഭ ചെയര്‍പേഴ്‌സണ്‍ അധ്യക്ഷയായ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ അധികാരമായിരിക്കെ സബ്കലക്ടറുടെ തീരുമാനം ജനാധിപത്യ രീതിക്ക് നിരക്കുന്നതല്ല.
ഈ നിയമവിരുദ്ധവും ജനവിരുദ്ധവുമായ തീരുമാനത്തില്‍ നഗരസഭക്ക് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും പ്രസ്താവനയില്‍ പറയുന്നു. ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ബസുടമകളുടെയും ബന്ധപ്പെട്ടവരുടെയും സംയുക്തയോഗം നാളെ ചേരുമെന്ന് ബസുടമകളുടെ വക്താവ് അറിയിച്ചു.

Latest