വീട് ഏത് നിമിഷവും വീഴുമെന്ന ഭീതിയില്‍ ഒരു കുടുംബം

Posted on: November 25, 2014 10:49 am | Last updated: November 25, 2014 at 10:51 am

എടവണ്ണപ്പാറ: മപ്രം തക്കിയേക്കല്‍ ഇയ്യാത്തുമ്മയുടെ വീട് ഏത് നിമിഷവും വീഴുമെന്നായിട്ട് ആറ് വര്‍ഷം തികയുന്നു. ഈ വര്‍ഷം പെരുമഴയിലും ചാലിയാര്‍ പുഴയോട് അടുത്ത് നില്‍ക്കുന്ന ഈ വീടിന്റെ പിറക് വശത്ത് അപകടകരമാം വിധം മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്.
എല്ലാ അധികൃതരെയും ബന്ധപ്പെട്ടിട്ടും ഇയ്യാത്തുമ്മയോടും കുടുംബത്തോടും ആരും കനിവ് കാട്ടിയിട്ടില്ല. ആറ് വര്‍ഷം മുമ്പ് നടന്ന മണ്ണിടിച്ചിലില്‍ രണ്ട് തെങ്ങുകളും നഷ്ടപ്പെട്ടിരുന്നു. വീടിന്റെ അടുക്കള ഭാഗത്തെ ചുമരുകള്‍ തകര്‍ന്നിരിക്കുകയാണ്. ഭക്ഷണം പാകം ചെയ്യലും പാത്രം കഴുകലുമെല്ലാം ഡൈനിംഗ് ഹാളില്‍ നിന്നാണ്. ബേങ്കില്‍ നിന്ന് ലോണെടുത്ത് ഈ പാവപ്പെട്ട കുടുംബം മതില്‍ കെട്ടിയിരുന്നു.
ഈ മതില്‍ ഇക്കൊല്ലത്തെ കാലവര്‍ഷക്കെടുതിയില്‍ പൂര്‍ണമായും നശിച്ചു. ഓരോ മഴയിലും ചാലിയാറിലെ ജലവിതാനത്തിന്റെ ഉയര്‍ച്ചയും താഴ്ചയും ഇയ്യാത്തുമ്മയുടെ മനസില്‍ ആധിയാണ്. അധികൃതരുമായി ബന്ധപ്പെടുമ്പോള്‍ എല്ലാം ശരിയാക്കാമെന്ന മറുപടി മാത്രമാണ് ലഭിക്കുന്നതെന്ന് ഈ കുടുംബം പറയുന്നു.