Connect with us

Kozhikode

കോഴിക്കോട്ട് വ്യാവസായിക കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങും: വ്യവസായ മന്ത്രി

Published

|

Last Updated

കോഴിക്കോട്: നഗരത്തില്‍ വ്യാവസായിക കണ്‍വെന്‍ഷന്‍ സെന്റര്‍ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഇതിനായി ഉടന്‍ സ്ഥലം കണ്ടെത്തും. വ്യവസായികള്‍ മുന്‍കൈയെടുത്ത് തുടങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ അത് നീണ്ടുപോകുകയാണ്. ഇതിനാല്‍ കോര്‍പറേഷനും മറ്റ് ഭരണകൂടങ്ങളുമായി ചര്‍ച്ച ചെയ്ത് വ്യവസായ കണ്‍വെന്‍ഷന്‍ സെന്റര്‍ ആരംഭിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. റൈസിംഗ് കേരളയുടെ ഭാഗമായി സ്വപ്‌നനഗരിയില്‍ തുടങ്ങിയ അന്താരാഷ്ട്ര വ്യാവസായിക പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
സംസ്ഥാനത്ത് വ്യവസായ മേഖലയില്‍ അനന്തസാധ്യതകളാണുള്ളത്. വ്യവസായികള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ അന്താരാഷ്ട്രതലത്തില്‍ കേരളത്തിനും ഇന്ത്യക്കും വലിയ നേട്ടങ്ങള്‍ സൃഷ്ടിക്കാനാകും. വ്യാവസായിക രംഗത്ത് വലിയ മാറ്റങ്ങളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ ചെറുകിട വ്യവസായ രംഗത്തെ വളര്‍ച്ചാനിരക്കില്‍ കേരളം മുന്‍പന്തിയിലാണ്. വ്യവസായ മേഖലയില്‍ ചൈനയോട് മത്സരിക്കാം എന്ന തരത്തില്‍ ചിന്തിക്കാവുന്ന അവസ്ഥവരെയെത്തിയിട്ടുണ്ട്. ഭക്ഷ്യവിതരണ രംഗത്തും സംസ്ഥാനത്ത് വലിയ അവസരങ്ങളാണുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
റൈസിംഗ് കേരള ജനറല്‍ കണ്‍വീനര്‍ വി കെ സി നൗഷാദ് അധ്യക്ഷത വഹിച്ചു. മേയര്‍ എ കെ പ്രേമജം എക്‌സിബിറ്റേഴ്‌സ് ഗൈഡ് പുറത്തിറക്കി. എ പ്രദീപ്കുമാര്‍ എം എല്‍ എ, വി കെ സി മമ്മദ്‌കോയ, എം ഖാലിദ്, കെ പി രാമചന്ദ്രന്‍, രമേഷ്‌കുമാര്‍, രമേശന്‍ പാലേരി, അഡ്വ. പി എസ് ശ്രീധരന്‍പിള്ള, കെ സി അബു, എം എ അബ്ദുര്‍റഹ്മാന്‍, കെ ടി തോമസ്, സൈമണ്‍ സക്കറിയ, എം മൊയ്തീന്‍, പി കെ അഹമ്മദ് പങ്കെടുത്തു. പ്രദര്‍ശനം മൂന്ന് ദിവസം നീണ്ടുനില്‍ക്കും.

Latest