ഗിന്നസ് ലക്ഷ്യമിട്ട് സച്ചിന്‍ സുന്ദറിന്റെ ജലതരംഗ കച്ചേരി

Posted on: November 25, 2014 10:36 am | Last updated: November 25, 2014 at 10:36 am

കോഴിക്കോട്: ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് പ്ലസ്ടു വിദ്യാര്‍ഥിയായ സച്ചിന്‍ സുന്ദറിന്റെ ജലതരംഗ കച്ചേരി ആരംഭിച്ചു. മുപ്പത് മണിക്കൂര്‍ നേരം ജലം നിറച്ച സിറാമിക് പാത്രങ്ങളില്‍ നിന്ന് കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി, വെസ്റ്റേണ്‍ ശൈലികളില്‍ രാഗഭാവങ്ങള്‍ ശ്രവിപ്പിച്ച് കൊണ്ടുള്ള പ്രകടനമാണ് സച്ചിന്‍ നടത്തുന്നത്. 30 മണിക്കൂറിനിടയില്‍ 20 മിനിറ്റ് മാത്രമാണ് വിശ്രമമുണ്ടാകുക.
പല വലുപ്പത്തിലുള്ള 24ഓളം സിറാമിക് കോപ്പകളില്‍ പല അളവുകളില്‍ വെള്ളം നിറച്ച് സ്വരസ്ഥാനം തിട്ടപ്പെടുത്തി അതില്‍ ഫൈബര്‍ സ്റ്റിക് ഉപയോഗിച്ച് തട്ടിയാണ് ജലതരംഗം വായിക്കുന്നത്. ടൗണ്‍ഹാളില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ കച്ചേരി ആരംഭിച്ചു. ഹംസധ്വനിയിലായിരുന്നു തുടക്കം. ഇന്ന് രാവിലെ 11ന് അവസാനിക്കുമ്പോള്‍ ആന്ധ്രാപ്രദേശ് സ്വദേശി രാമകൃഷ്ണറാവു സ്ഥാപിച്ച 16 മണിക്കൂറിന്റെ റെക്കോര്‍ഡ് പഴങ്കഥയാകും.
കാരപ്പറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് സച്ചിന്‍. മംഗലാപുരം ശ്രീകൃഷ്ണഭട്ടില്‍ നിന്ന് വിദ്യാരംഭം. കോഴിക്കോട് രാധാകൃഷ്ണന്റെ കീഴില്‍ ജലതരംഗത്തില്‍ പഠനം നടത്തുന്നു. തലക്കുളത്തൂര്‍ വടക്കെ ഉപ്പിണാത്ത് സുന്ദരന്‍- ഷീന ദമ്പതികളുടെ മകനാണ്.
കര്‍ണാടക സംഗീതം, ഭജന്‍സ്, ഹിന്ദുസ്ഥാനി ഭജന്‍സ്, സിനിമാഗാനങ്ങള്‍, നാടക ഗാനങ്ങള്‍, മാപ്പിളപ്പാട്ട്, ഭക്തിഗാനമേള, വയലിന്‍- വീണ- പുല്ലാങ്കുഴല്‍ കച്ചേരി എന്നിവയുമായി 150ല്‍പ്പരം കലാകാരന്‍മാരാണ് സച്ചിനൊപ്പമുള്ളത്.