വക മാറ്റാന്‍ റിവര്‍ മാനേജ്‌മെന്റ്ഫണ്ടും

Posted on: November 25, 2014 5:35 am | Last updated: November 24, 2014 at 11:37 pm

cauveryriver_14884പുഴകളില്‍ നിന്ന് വാരിയെടുക്കുന്ന മണല്‍ വില്‍പ്പനയിലൂടെ ലഭിക്കുന്ന തുകയുടെ അമ്പതുശതമാനം ജില്ലാകലക്ടര്‍മാര്‍ ചെയര്‍മാന്‍മാരായിരിക്കുന്ന റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ ( ആര്‍ എം എഫ് ) നിക്ഷേപിക്കണം. കേരളത്തിലെ 44നദികളില്‍ നിന്നും അവയൊഴുകുന്ന പരിധിയിലെ പഞ്ചായത്തുകള്‍ പുഴകളുടെ അടിത്തട്ട് പൊളിച്ച് ഖനനം ചെയ്യുന്ന മണലിന്റെ ആര്‍ എം എഫ് വിഹിതമായി വിവിധ ജില്ലാകളക്ടര്‍മാരുടെ ഫണ്ടില്‍ 200 കോടിയോളം രൂപയാണ് ശേഖരിക്കപ്പെട്ടിരിക്കുന്നത്.പുഴകളുടെ സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതികള്‍ക്കാണ് ഫണ്ട് ഉപയോഗിക്കേണ്ടത്. പുഴ തീരം കൈയേറ്റം ഒഴിപ്പിക്കേണ്ട റവന്യൂ ഡിപ്പാര്‍ട്ടുമെന്റ്അതിന് തയ്യാറാകാത്തതിനാല്‍ പുഴകള്‍ സ്വകാര്യകൈയേറ്റക്കാരുടെ അധീനതയിലാണിന്ന്.
മണല്‍മാഫിയ രാത്രിയും പകലും മണല്‍ അനധികൃതമായി ഊറ്റിയെടുക്കുകയാണ്. ഒരു മണല്‍ പാസ്സില്‍ നൂറുകണക്കിന് ടണ്‍ മണലാണ് ആയിരക്കണക്കിന് ലോറിലോഡുകളായി കലക്ടര്‍മാരുടെ മൂക്കിനുതാഴെ അനധികൃതമായി കടത്തിക്കൊണ്ടിരിക്കുന്നത്. പഞ്ചായത്ത് അധികാരികളും,മെമ്പര്‍മാരും, പോലീസും, റവന്യൂ വിഭാഗം ജീവനക്കാരും കൂടി നടത്തുന്ന അനധികൃതമായ കൂട്ടുകെട്ടില്‍ മറിയുന്നത ലക്ഷക്കണക്കിന് കോടി രൂപയാണ്. മണല്‍ക്കടത്തുമായി നടക്കുന്ന രാഷ്ട്രീയ ഇടപെടലുകള്‍ കാരണം ഖജനാവിന് നഷ്ടം കോടികളാണ്. മണല്‍ക്കടത്തുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ ശരിയായി നടത്താത്തതിനാല്‍ സര്‍ക്കാര്‍ പരാജയപ്പെടുകയും മണല്‍മാഫിയ കൊഴുത്തുവരികയും ചെയ്യുകയാണ്. ഇന്ന് നദികളെ സംരക്ഷിക്കുവാന്‍ നിയമം അനുശാസിക്കുന്ന നദികളുടെ വിദഗ്ധ സമിതികളില്‍ ഒട്ടുമിക്കവും രാഷ്ട്രീയകാരെ കുത്തിനിറച്ചിരിക്കയാണ്.
2001 ലെ കേരളനദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും ആക്ടും ചട്ടങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നോക്കുകുത്തിയാക്കിവെച്ചിരിക്കയാണ്. നിയമപാലകര്‍ക്കും റവന്യൂവിഭാഗത്തിനും നിയമം കറവപശുവിനെപോലെയാണ്. നൂറുകൂട്ടം പണികള്‍ വേറെയുള്ളതിനാല്‍ ജില്ലാകലക്ടര്‍മാര്‍ക്ക് മണല്‍ലോബിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സമയം ലഭിക്കാതെ പോക്കുന്നു. നിയമപാലനത്തിനിറങ്ങുന്ന ചുരുക്കം ചില പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വളരെയധികം തിക്താനുഭവങ്ങള്‍ സൃഷ്ടിച്ചിരിക്കുന്ന മേഖലയാണ് പുഴ മണല്‍ കടത്ത്. ഇന്നിപ്പോള്‍ പ്രശ്‌നം ആര്‍ എം എഫിലെ പണമാണ്. അതെങ്ങനെ ചെലവഴിക്കാനാകും? പുഴ തീരം അന്യാധീനപ്പെട്ടുപോകുന്നത് തടയാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല. പിന്നെന്തു ചെയ്യും? അവസാനം 2014 ഒക്‌ടോബര്‍ 28-ാം തിയതി റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ സമിതി ചില സുപ്രധാന തീരുമാനങ്ങളെടുക്കുകയായിരുന്നു. നദികളെ സംരക്ഷിക്കാന്‍ ഒരു പഠനഗവേഷണ കേന്ദ്രം തുറക്കണം. നദീതീരം സര്‍വേനടത്തി കരിങ്കല്ല് കെട്ടണം. പുഴയോരത്തുകൂടി റോഡ് നിര്‍മിക്കണം. പുഴകളുടെ ഇന്നുള്ള വീതി തിട്ടപ്പെടുത്തണം. നദികളെ ജലഗതാഗതത്തിന് ഉപയോഗപ്പെടുത്തണം. തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ നദീ സംരക്ഷണ സ്‌ക്വാഡുകള്‍ ഉണ്ടാക്കി അവര്‍ക്ക് വാഹനം വാങ്ങി നല്‍കണം. ഇതിനെല്ലാം ആര്‍ എം എഫ് തുക മതിയാകാതെ വരും. അതിനാല്‍ ഒരു വന്‍ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി കേന്ദ്ര സര്‍ക്കാറില്‍ സമര്‍പ്പിച്ച് അവിടെനിന്നും തുക വരുത്തണം. കൊച്ചി ആസ്ഥാനമാക്കി തന്നെ പഠനഗവേഷണ കേന്ദ്രം സ്ഥാപിക്കണം. ഇതില്‍നിന്നെല്ലാം ചില കാര്യങ്ങള്‍ വ്യക്തമാകുകയാണ്. നദീ തീരം കരിങ്കല്‍കെട്ടി സംരക്ഷിക്കുന്നതിനും തഹസില്‍ദാര്‍മാര്‍ക്ക് ജീപ്പ് വാങ്ങാനും നദികളുടെ വീതികൂട്ടി ദേശീയ ജലപാതയുണ്ടാക്കുന്നതിനും ആര്‍. എം. എഫ്. തുകവക മാറ്റി ഉപയോഗിക്കാനാകണം .
സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെടാതെ നോക്കേണ്ട ചുമതല റവന്യൂ വിഭാഗത്തിനാണ്.സര്‍വേ -റീസര്‍വേ എന്നിവയ്ക്കായി നിയോഗിക്കപ്പെട്ടവരാണവര്‍. എന്നിട്ടും ഈ ആവശ്യങ്ങള്‍ക്ക് വേണ്ടി ആര്‍.എം. എഫ് ഉപയോഗിക്കണം. ഇത്രയും നാള്‍ നദീ തീരം കൈയേറുന്നത് കൈയ്യും കെട്ടിനോക്കിനിന്നവരാണവര്‍. വില്ലേജ് ഭൂപടത്തിലും ഗൂഗിള്‍ മാപ്പിലും, നാഷണല്‍ റിമോട്ട് സെന്‍സിംഗ് ഏജന്‍സിയിലും ഇന്‍ഫര്‍മേഷന്‍ കേരളാമിഷനിലും സംസ്ഥാന ഭൂവിഭവ വകുപ്പിലും നദികളുടെയും ജലവിഭവങ്ങളുടെയും, തോടുകളുടെയും ഇടതോടുകളുടെയും വിവരങ്ങള്‍ ലഭ്യമാണ്.ഇതിനായി പ്രത്യേകം നദീ പഠനഗവേഷണ സ്ഥാപനത്തിന്റെ ആവശ്യം എന്താണ്.? വേനല്‍ കാലങ്ങളില്‍ വീതി കുറഞ്ഞൊഴുകുന്ന നദികളുടെ പ്രളയവിതാനപ്രദേശങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ കല്ലുകെട്ടികൊടുക്കുകയെന്നതായിരിക്കും നദീപഠനഗവേഷണസ്ഥാപനത്തിന്റെ മുഖ്യചുമതല! നദികളുടെ ഗുണഭോക്താക്കളായി ഒരു ഡസനിലേറെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിലവിലുണ്ട്. പല നദികള്‍ക്കും അധിപന്മാരായി രണ്ടില്‍ കൂടുതല്‍ ജില്ലാകലക്ടര്‍മാര്‍ ചുമതലക്കാരായുമുണ്ട്. എന്നാല്‍ നദികളെ സംരക്ഷിക്കുവാനും നിയമം നടപ്പാക്കുവാനും പര്യാപ്തമായ ഒരു സംവിധാനം നമുക്കില്ലാത്തതിനാലലണ് കേരളത്തിലെ നദികള്‍ നാശോന്മുഖമായിരിക്കുന്നത്. നിലവില്‍ നദീ സംരക്ഷണത്തിന് ഉത്തരവാദപ്പെട്ടവര്‍ അത് ചെയ്യാതെ റിവര്‍മാനേജ്‌മെന്റ് ഫണ്ട് ലക്ഷ്യംവെച്ച് നടപ്പിലാക്കാന്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന നദീ പഠനഗവേഷണ കേന്ദ്രം ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയകാരുടെയും ‘ശാസ്ത്രീയ’ മേല്‍നോട്ടത്തില്‍ നടക്കുന്ന ഒരു വെള്ളാനയായി മാറുമെന്നതില്‍ തര്‍ക്കമില്ല. ജലവിഭവങ്ങളെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ സംവിധാനമായ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസര്‍ച്ച് ഡെവലപ്പ്‌മെന്റ് ആന്റ് മാനേജ്‌മെന്റ് ( സി ഡബഌയൂ. ആര്‍ ഡി എം ) നമുക്കുണ്ട്. പുഴ മണല്‍ ഖനനത്തെക്കുറിച്ച് മൂന്നുപതിറ്റാണ്ടിലേറെയായി ഗവേഷണം നടത്തുന്ന സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് ( സെസ്സ്) നമുക്കുണ്ട്.
നദികളുടെ വൃഷ്ടിപ്രദേശം വനവത്കരിക്കാന്‍ പ്രതിജ്ഞാബദ്ധരായ കേരളസംസ്ഥാന വകുപ്പും നമുക്കുണ്ട്. ഇവര്‍ക്കൊന്നും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ചെയ്യാനായി നദീപഠനഗവേഷണകേന്ദ്രം സ്ഥാപിച്ച് നടപ്പാക്കുമെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് കേരളസര്‍ക്കാറിന് ഭൂക്ഷണമല്ല. നദികളുടെ സര്‍വേ നടത്തിട്ടുണ്ട.് നദികളുടെ ശരിയായ സഞ്ചാരപഥം നിശ്ചയിക്കുന്നതില്‍ നിന്നും മാറിനിന്ന് നദീപഠനഗവേഷണകേന്ദ്രത്തെ കാര്യങ്ങള്‍ ഏല്‍പ്പിച്ച് അവര്‍ നടത്തട്ടെ എന്ന് തീരുമാനിക്കാന്‍ റവന്യൂ വിഭാഗത്തിന് എങ്ങനെയാകും? ജലവിഭവവകുപ്പ്, വ്യവസായവകുപ്പ്, ജലവൈദ്യുതി പദ്ധതികളുടെ ചുമതലയുള്ള കെ എസ് ഇ ബി, ജലപാതകളില്‍ ബോട്ടോടിക്കുന്ന കേരള വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വിഭാഗം, ജലസേചനവകുപ്പ്, വിനോദസഞ്ചാര വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, വനം വകുപ്പ് എന്നിവയാണ് നദികളെ കൂടിതലായി ഉപയോഗിക്കുന്നത്.
നദീപഠനഗവേഷണ കേന്ദ്രത്തിന് ഈ വകുപ്പുകളെ നിയന്ത്രിച്ച് നദികളെ സംരക്ഷിക്കാനാവില്ലെന്നും ആര്‍ എം എഫ് വിട്ടുനല്‍കുന്നത് നദികളെ സംരക്ഷിക്കാനല്ലെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. നദികളുടെ സംരക്ഷണത്തിന് മാസ്റ്റര്‍പ്ലാന്‍ ഇല്ലാത്തതാണ് പ്രധാന പ്രശ്‌നമെന്നാണ് റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതിയുടെ കണ്ടെത്തല്‍.ആയതിനാല്‍ സംസ്ഥാനത്തെ 44 നദികള്‍ക്കുമായി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ കോടിക്കണക്കിന് രൂപ ചെലവാക്കുക.അതിനും ആര്‍ എം ഫണ്ട് വിനിയോഗിക്കുക ഒട്ടും ആത്മാര്‍ഥതയില്ലാത്ത ഒരു സര്‍ക്കാറിന് മാത്രമേ നദികളെസംരക്ഷിക്കാന്‍ ഇത്തരം വികലമായ പദ്ധതികള്‍ നിര്‍ദേശിക്കാകൂ. നദികളെ ആര്‍ എം എഫ് പോലെ ജില്ല തിരിച്ച് സംരക്ഷിക്കപ്പെടണം,അതിനായി നിയമപരമായി പൂര്‍ണ അധികാരമുള്ള റിവര്‍ അതോറിറ്റിയാണ് വേണ്ടത്. റിവര്‍മാനേജ്‌മെന്റ്,ഫണ്ട് വകമാറ്റി ചെലവഴിയ്ക്കാന്‍ റവന്യൂവകുപ്പ് കണ്ടുപിടിച്ച മാര്‍ഗമായിട്ടേ കൊച്ചി ആസ്ഥാനമാക്കി ഉണ്ടാക്കാന്‍ പോകുന്ന നദീ പഠനഗവേഷണകേന്ദ്രമെന്ന പദ്ധതിക്കാകൂ.സര്‍ക്കാര്‍ ഇതില്‍നിന്നും പിന്‍മാറണം.