സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം നാളെ മുതല്‍ തിരൂരില്‍

Posted on: November 25, 2014 4:29 am | Last updated: November 26, 2014 at 12:28 am

shasthrolsaveതിരൂര്‍: 48 ാമത് സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് നാളെ തിരൂരില്‍ തുടക്കമാകും. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന ശാസ്‌ത്രോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹിക ശാസ്ത്രം, പ്രവൃത്തി പരിചയം, ഐടി, വൊക്കേഷനല്‍ എക്‌സ്‌പോ, കരിയര്‍ ഫെസ്റ്റ്, സയന്‍സ് നാടകം എന്നീ വിഭാഗങ്ങളില്‍ 220 മത്സര ഇനങ്ങള്‍ അഞ്ച് വേദികളിലായി നടക്കും. 14 റവന്യു ജില്ലകളിലെ യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി എന്നീ കാറ്റഗറിയില്‍ നിന്നായി 10,000 വിദ്യാര്‍ഥികള്‍ മേളയില്‍ മാറ്റുരക്കും. റവന്യു ജില്ലകളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ എത്തുക.
തിരൂര്‍ എം എല്‍ എ. സി മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി മേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. പ്രധാന വേദികളിലും സ്റ്റാളുകളിലും എം എല്‍ എ സന്ദര്‍ശനം നടത്തി. ജില്ലയിലെ ജനപ്രതിനിധികള്‍, സാംസ്‌കാരിക നായകര്‍, അധ്യാപകര്‍, വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന 19 സബ് കമ്മിറ്റികളുടെ മേല്‍നോട്ടത്തില്‍ വിപുലമായ സൗകര്യങ്ങളാണ് മേളക്കായി ഒരുക്കിയിട്ടുള്ളത്.
തിരൂര്‍ ഗവ. ബോയ്‌സ് സ്‌കൂളിലാണ് മേളയുടെ പ്രധാന വേദി. ശാസ്ത്രമേള, വൊക്കേഷനല്‍ എക്‌സ്‌പോ, കരിയര്‍ ഫെസ്റ്റ് എന്നിവ തിരൂര്‍ ബോയ്‌സ് സ്‌കൂളിലും താനൂര്‍ ദേവദാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഗണിത ശാസ്ത്ര മേളയും നിറമരുതൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സാമൂഹിക ശാസ്ത്ര മേളയും എസ് എസ് എം പോളിടെക്‌നിക്ക് കോളജില്‍ ഐടി മേളയും തിരൂര്‍ തുഞ്ചന്‍ പറമ്പ് ഓഡിറ്റോറിയത്തില്‍ സയന്‍സ് നാടകവുമാണ് നടക്കുക. മത്സരാര്‍ഥികള്‍ക്കായി ടൗണിലെ ആറ് സ്‌കൂളുകളിലാണ് താമസം ഒരുക്കിയിട്ടുള്ളത്. ഒരേസമയം 1000 പേര്‍ക്കിരിക്കാവുന്ന ഭക്ഷണ ശാലകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ വിദ്യാര്‍ഥികള്‍ക്കായി കൗണ്‍സിലിംഗ് സെന്ററുകളും മെഡിക്കല്‍ സ്റ്റാളുകളും മേളയുടെ പ്രത്യേകതയാണ്.
വിവിധ മേളകള്‍ ഓരോ ശാസ്ത്ര മേഖലകളിലും പ്രശസ്തരായവരുടെ നാമത്തിലായിരിക്കും അറിയപ്പെടുക. നാളെ രാവിലെ 9.30ന് ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എല്‍ രാജന്‍ പതാക ഉയര്‍ത്തും. 10.30മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. എസ് എസ് എം പോളി ടെക്‌നിക്ക് കോളജിലാണ് രജിസ്‌ട്രേഷന്‍ സ്റ്റാളുകള്‍ ഒരുക്കിയിട്ടുള്ളത്.
വ്യാഴാഴ്ച രാവിലെ 10ന് മേളയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് നിര്‍വഹിക്കും.