Connect with us

Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി 15ന് തുടങ്ങും

Published

|

Last Updated

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി 15 മുതല്‍ 21 വരെ നടക്കും. 55-ാമത് കലോത്സവത്തിന് മാനാഞ്ചിറ സ്‌ക്വയര്‍ പ്രധാന വേദിയായേക്കും. നവീകരണം പൂര്‍ത്തിയാക്കി മാനാഞ്ചിറ സ്‌ക്വയര്‍ വേദിയാക്കുക വഴി കോര്‍പറേഷന് ഏതെങ്കിലും തരത്തിലുള്ള നഷ്ടമുണ്ടാകുമെന്ന് കണ്ടാല്‍ വേദി മാറ്റുമെന്ന് ആദ്യ സംഘാടക സമിതി യോഗത്തില്‍ അധ്യക്ഷതവഹിച്ച വിദ്യാഭ്യാസമന്ത്രി അബ്ദുര്‍റബ് പറഞ്ഞു.
രണ്ട് ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. മാനാഞ്ചിറ വേദിയാക്കിയതോടെ സ്ഥലം എം എല്‍ എയായ മന്ത്രി എം കെ മുനീര്‍ സംഘാടക സമിതി ചെയര്‍മാനായി. എ പ്രദീപ്കുമാര്‍ എം എല്‍ എയാണ് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ചുമതലവഹിക്കുന്ന എല്‍ രാജനാണ് ജനറല്‍ കണ്‍വീനര്‍. വിവിധ സബ്കമ്മിറ്റികളുടെ ചെയര്‍മാന്‍മാര്‍ ജില്ലയിലെ എം എല്‍ എമാരും കണ്‍വീനര്‍മാര്‍ അധ്യാപക സംഘടനാ പ്രതിനിധികളുമായിരിക്കും. ഇരുപതോളം സബ്കമ്മിറ്റികളുണ്ടാകും.
സംഘാടക സമിതി യോഗത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ചുമതലവഹിക്കുന്ന എല്‍ രാജന്റെ സ്വാഗത പ്രസംഗത്തില്‍ എല്‍ ഡി എഫിന്റെ ജില്ലാ നേതാക്കളെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധമുയര്‍ന്നു. എന്നാല്‍, ഡി പി ഐക്ക് വന്ന പിഴവാണ് ഇത്തരം പ്രശ്‌നം ഉണ്ടാക്കിയതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി അബ്ദുര്‍റബ്ബ് പറഞ്ഞു. 232 ഇനങ്ങളിലാകും ഇത്തവണ മത്സരം. 12,000 കുട്ടികള്‍ മാറ്റുരയ്ക്കും. വിദ്യാര്‍ഥികളും സംഘാടകരും അധ്യാപകരും ഉള്‍പ്പെടെ 25,000 ഓളം പേരെയാണ് പ്രതീക്ഷിക്കുന്നത്.
അവിചാരിതമാണെങ്കിലും കോഴിക്കോടിന് ലഭിച്ച കൗമാര കലാമേളയെ ആഘോഷമാക്കുമെന്ന് സംഘാടക സമിതി രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്ത മന്ത്രി എം കെ മുനീര്‍ പറഞ്ഞു. എല്‍ ഡി എഫ് നേതാക്കളെ ക്ഷണിക്കാത്തതില്‍ സംഘാടകര്‍ക്ക് സംഭവിച്ച പിഴവില്‍ മുനീര്‍ ക്ഷമചോദിച്ചു.