Connect with us

Kerala

രാസവസ്തുക്കള്‍ കയറ്റുന്ന ടാങ്കറുകളില്‍ വെളിച്ചെണ്ണയെത്തുന്നു

Published

|

Last Updated

പാലക്കാട്: ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന തരത്തില്‍ സംസ്ഥാനത്ത് രാസവസ്തുക്കള്‍ കയറ്റുന്ന ടാങ്കറുകളില്‍ വെളിച്ചെണ്ണയെത്തുന്നു. കൊച്ചി തുറമുഖത്തില്‍ നിന്ന് രാസവസ്തുക്കളുടെ ലോഡ് തമിഴ്‌നാട്ടില്‍ ഇറക്കിയ ശേഷം അതേ ടാങ്കറുകളിലാണ് വെളിച്ചെണ്ണ നിറച്ച് സംസ്ഥാനത്തേക്കെത്തിക്കുന്നത്. ഇത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ഭക്ഷ്യഎണ്ണ നിറക്കുന്നതിന് മുമ്പ് ടാങ്ക് വെള്ളമുപയോഗിച്ച് കഴുകുക മാത്രമാണ് ലോറി ജീവനക്കാര്‍ ചെയ്യുന്നത്. രാസവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ഭക്ഷ്യ എണ്ണയില്‍ കലരാനും ഇടയാക്കും.
മടക്കയാത്രയില്‍ കോയമ്പത്തൂരിന് സമീപം കങ്കയം, വെള്ളക്കോവില്‍ പ്രദേശങ്ങളിലെ മൊത്തവിതരണക്കാരില്‍ നിന്നുമാണ് വെളിച്ചെണ്ണയും പാമോയിലും ടാങ്കറുകളില്‍ നിറയ്ക്കുന്നത്. വെളിച്ചെണ്ണ, നല്ലെണ്ണ, പാമോയില്‍, തവിടെണ്ണ, സൂര്യകാന്തി എണ്ണ തുടങ്ങിയവ ഭക്ഷ്യ എണ്ണ പെര്‍മിറ്റുള്ള ടാങ്കറുകളില്‍ മാത്രമേ കൊണ്ടുവരാവൂ എന്നാണ് നിയമം.
ഇത്തരം അംഗീകൃത ടാങ്കറുകള്‍ക്ക് തമിഴ്‌നാട്ടില്‍ നിന്ന് ഒരു ലോഡെത്തിക്കുന്നതിന് 16,000 രൂപയോളം ചെലവ് വരുമെന്നിരിക്കെ പെട്രോളിയം ടാങ്കറുകളിലെ അനധികൃത കടത്തിന് 5,000 രൂപയില്‍ താഴെ നല്‍കിയാല്‍ മതി. ഈ ലാഭം കണക്കിലെടുത്താണ് വെളിച്ചെണ്ണ വിതരണക്കാരുടെയും ടാങ്കര്‍ ഉടമകളുടെയും നേതൃത്വത്തില്‍ ഇത്തരത്തില്‍ എണ്ണ എത്തിക്കുന്നത്. മീനാക്ഷിപുരം, വാളയാര്‍ ചെക്ക്‌പോസ്റ്റുകളിലെ പരിശോധന മറികടന്നാണ് ടാങ്കറുകളെത്തുന്നത്.
രാസവസ്തുക്കള്‍ ചേരുന്ന വെളിച്ചെണ്ണ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണുണ്ടാക്കുക.

Latest