കിയോസ്‌കുകള്‍ വഴി ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാം

Posted on: November 24, 2014 4:57 pm | Last updated: November 24, 2014 at 4:57 pm

rtaദുബൈ: കിയോസ്‌കുകള്‍ വഴി ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാമെന്നും പാര്‍ക്കിംഗ് കാര്‍ഡുകള്‍ കരസ്ഥമാക്കാമെന്നും ആര്‍ ടി എ കസ്റ്റമര്‍ സര്‍വീസ് ഡയറക്ടര്‍ അഹ്മദ് മെഹ്ബൂബ് അറിയിച്ചു.
പുതുതായി 10 എണ്ണം സ്ഥാപിച്ചതോടെ മൊത്തം 16 കിയോസ്‌കുകളായി. എട്ടുസേവനങ്ങളാണ് കിയോസ്‌കുകള്‍ വഴി ഉള്ളത്. ജനങ്ങള്‍ക്ക് സന്തോഷം പകരുക എന്ന ആസൂത്രണ പദ്ധതിയില്‍പ്പെടുത്തിയാണ് കൂടുതല്‍ സേവനങ്ങള്‍ കിയോസ്‌കുകള്‍ വഴി ആക്കുന്നത്. 24 മണിക്കൂറും സേവന നിരതമാകണമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നിര്‍ദേശം നല്‍കിയത് ശിരസാവഹിക്കുകയാണ്.
കിയോസ്‌കുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നു. ദേര, ഉമ്മുറമൂല്‍, ബര്‍ശാ, അല്‍തവാര്‍, ബര്‍ശ തസ്ഹീല്‍, ജെ ബി ആര്‍, അവീര്‍, മനാറ, കറാമ, ഖിസൈസ് തസ്ഹീല്‍, മുഹൈസിന ശാമില്‍ എന്നിവിടങ്ങളില്‍ കിയോസ്‌കുകളുണ്ട്.
വാഹന രജിസ്‌ട്രേഷന്‍, പിഴകള്‍ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവയൊക്കെ നേരത്തെ തന്നെ കിയോസ്‌കുകള്‍ വഴി ലഭ്യമായിരുന്നുവെന്നും അഹ്മദ് മെഹ്ബൂബ് പറഞ്ഞു.