Connect with us

Palakkad

പരീക്ഷ എഴുതാന്‍ അംഗീകാരമില്ല: വിദ്യാര്‍ഥികള്‍ കോടതിയിലേക്ക്

Published

|

Last Updated

കൊല്ലങ്കോട്: സ്വകാര്യ സ്‌കൂളിലെ മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്ലസ് വണ്‍ പ്രവേശത്തിനു അംഗീകാരം ലഭിക്കാത്തതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് ആശങ്ക.
വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും കോടതിയിയെ സമീപിക്കുന്നു.
കൊല്ലങ്കോട്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളില്‍ 2014 വര്‍ഷം പ്ലസ് വണ്ണിനു മാനേജ്‌മെന്റ് ക്വോട്ടയില്‍ പ്രവേശനം നല്‍കിയ 43 വിദ്യാര്‍ഥികള്‍ക്കു ഏകജാലക റജിസ്‌ട്രേഷന്‍ എടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണു വിദ്യാര്‍ഥികളുടെ ഭാവി തുലാസിലായത്.
മാനേജ്‌മെന്റ് ആരെന്നതു സംബന്ധിച്ചു അധികാര തര്‍ക്കം നില നില്‍ക്കുന്ന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 25 പേര്‍ക്കു സയന്‍സ് ഗ്രൂപ്പിലും 18 പേര്‍ക്ക് ഹ്യൂമാനിറ്റിക്‌സ് ഗ്രൂപ്പിലും മാനേജ്‌മെന്റ് ക്വോട്ടയില്‍ പ്രവേശനം നല്‍കുകയായിരുന്നു. ഇതില്‍ 24 പേര്‍ പെണ്‍കുട്ടികളാണ്.
സ്വകാര്യ സ്‌കൂളിന്റെ പേരിലുള്ള എജ്യൂക്കേഷനല്‍ സൊസൈറ്റിയുടെ ലെറ്റര്‍പാഡില്‍ മാനേജ്‌മെന്റ് ക്വോട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് പഠനം തടസപ്പെടാന്‍ സാധ്യതയുണ്ട് എന്ന് കാണിക്കുന്ന കത്ത് ലഭിച്ചിരുന്നു.
നിയമാനുസരണം മാനേജര്‍ നിലവിലില്ലാത്ത സാഹചര്യത്തില്‍ മാനേജ്‌മെന്റ് ക്വോട്ട സീറ്റുകള്‍ പൊതുമെറിറ്റ് സീറ്റായി പരിഗണിക്കുമെന്നു കാണിച്ചുള്ള തിരുവനന്തപുരം ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ഓഫിസില്‍ നിന്നും അയച്ച കത്തിന്റെ പകര്‍പ്പും ഇതിനോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുണ്ട്. ഇതിനു വിരുദ്ധമായി നടത്തുന്ന പ്രവേശനങ്ങള്‍ പുനഃപരിശോധിക്കാനും റദ്ദ് ചെയ്യുവാനും
അധികാരം ഹയര്‍ സെക്കന്‍ഡറി ഡയറക്ടറില്‍ നിക്ഷിപ്തമാണെന്നും പറയുന്നുണ്ട്.
എന്നാല്‍ ഇതു സംബന്ധിച്ചു ചോദ്യങ്ങള്‍ക്ക് മാനേജ്‌മെന്റിലെ അധികാര തര്‍ക്കമാണ് ഇതു കുഴപ്പമില്ല എന്ന മറുപടിയാണ് സ്‌കൂളധികൃതരില്‍ നിന്നും രക്ഷകര്‍ത്താക്കള്‍ക്ക് ലഭിച്ചതെന്നു പറയുന്നു.
ഒന്നാം വര്‍ഷത്തേക്ക് അപേക്ഷിക്കേണ്ട സമയം അടുത്ത സാഹചര്യത്തിലും വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാണ് എന്നതിനാല്‍ ഹൈക്കോടതിയെ സമീപിക്കുകയാണെന്നു രക്ഷകര്‍ത്താക്കളായ ആര്‍ മോഹനന്‍, എം കെ പ്രസാദ്, കാജാഹുസൈന്‍, കെ നാരായണന്‍, എന്‍ കണ്ണദാസ് എന്നിവര്‍ പറഞ്ഞു.
എന്നാല്‍ മാനേജര്‍ നല്‍കിയ ലിസ്റ്റിലുള്ളവര്‍ക്കാണു പ്രവേശനം നല്‍കിയതെന്നു പ്രിന്‍സിപ്പല്‍ കെ വി രവീന്ദ്രന്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്കു പ്രവേശനം ഉറപ്പു വരുത്തുന്നതിനും പരീക്ഷക്ക് അപേക്ഷിക്കാനും നിയമപരമായുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

Latest