മമ്പുറം മഖാം പരിസരത്തെ പൊതുവഴി സ്വന്തമാക്കാനുള്ള നീക്കത്തിനെതിരെ സി പി എം മാര്‍ച്ച്

Posted on: November 24, 2014 10:11 am | Last updated: November 24, 2014 at 10:11 am

തിരൂരങ്ങാടി: മമ്പുറം മഖാമിന് സമീപമുള്ള കടവിലേക്ക് കാലങ്ങളായി ആളുകള്‍ ഉപയോഗിച്ചുവരുന്ന പൊതുവഴി അടച്ചുകെട്ടി സ്വന്തമാക്കാനുള്ള നീക്കത്തിനെതിരെ സി പി എം മാര്‍ച്ചും വിശദീകരണവും നടത്തി. മമ്പുറം മഖാമിന് മുന്നിലൂടെ കടലുണ്ടിപുഴയിലേക്കുള്ള വഴിയും കടവും നൂറ്റാണ്ടുകളായി നാനാജാതി ജനങ്ങള്‍ ഉപയോഗിച്ചു വരുന്നതാണ്.
തിരൂരങ്ങാടി പഞ്ചായത്തിലെ വലിയപള്ളിക്ക് പടിഞ്ഞാറുവശമുള്ള കടവ് വഴി ഏ ആര്‍ നഗര്‍ പഞ്ചായത്തുമായി ബന്ധപ്പെട്ടിരുന്ന കടവാണിത്. എന്നാല്‍ മമ്പുറം മഖാമിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാരായ ദാറുല്‍ഹുദാ അധികൃതര്‍ ഈഭാഗം മതില്‍വെച്ച് കെട്ടിയിരിക്കുകയാണ്. ഇത് കടുത്ത അനീതിയാണെന്ന് സി പിഎം ആരോപിച്ചു. സി പി എം മമ്പുറം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം മഖാം പരിസരത്ത് സമാപിച്ചു.
ദാറുല്‍ഹുദാ അധികൃതര്‍ മതില്‍കെട്ടി ഗൈറ്റ് സ്ഥാപിക്കാന്‍ ഉദ്ദേശിച്ച സ്ഥലത്ത് സി പി എം ബോര്‍ഡ് വെച്ചു. വിശദീകരണയോഗം സി ഇബ്‌റാഹീംകുട്ടി ഉദ്ഘാടനം ചെയ്തു. കെ വി മുജീബ് അധ്യക്ഷത വഹിച്ചു. അഡ്വ. പി പി ബശീര്‍, പ്രൊഫ. പി മമ്മദ്, ഇ വാസു, കെ സമീര്‍, പി പ്രശാന്ത്, സലീം പ്രസംഗിച്ചു. ദാറുല്‍ഹുദയുടെ ഈ നീക്കം എന്തുവിലകൊടുത്തും ചെറുക്കണമെന്നും നിയമപരമായി നേരിടുമെന്നും സി പി എം മുന്നറിയിപ്പ് നല്‍കി.