Connect with us

Kerala

അതിര്‍ത്തി കടക്കുന്നത് കോഴഭാരം പേറിയ ചരക്ക് ലോറികള്‍

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്തെ തമിഴ്‌നാട് അതിര്‍ത്തിയിലെ പ്രധാന ചെക്ക് പോസ്റ്റുകളായ മീനാക്ഷിപുരം, ഗോവിന്ദാപുരം, ഗോപാലപുരം, നടുപ്പുണി എന്നിവിടങ്ങളില്‍ മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റിലൂടെ ദിനംപ്രതി മറിയുന്നത് രണ്ട് ലക്ഷത്തോളം രൂപയുടെ കൈക്കൂലി.
അമിതഭാരം, കന്നുകാലി കടത്ത്, എം സാന്‍ഡ് കടത്ത്, ടൂറിസ്റ്റ് പെര്‍മിറ്റ് തുടങ്ങിയവയിലാണ് കൈക്കൂലിയുടെ പ്രധാന വരുമാന മാര്‍ഗം. തമിഴ്‌നാട്ടില്‍ നിന്നുള്ള ചരക്കുലോറികളില്‍ മിക്കതും അമിതഭാരം വഹിച്ചാണ് വരുന്നത്. അമിതഭാരം കയറ്റിയാല്‍ ആദ്യത്തെ ഒരു ടണ്ണിന് 2000 രൂപയും പിന്നീടുള്ള ഓരോ ടണ്ണിനും 1000 രൂപയുമാണ് പിഴയൊടുക്കേണ്ടത്. ഇതിന് പകരം 10 ടണ്‍ ഭാരം കയറ്റാന്‍ അനുമതിയുള്ള വാഹനത്തില്‍ 20 ടണ്‍ഭാരം കയറ്റിയാലും ചെക്ക് പോസ്റ്റില്‍ 3000 കൈമടക്ക് നല്‍കിയാല്‍ മതി. ചരക്കുടമക്ക് ആയിരങ്ങള്‍ ലാഭം. ടൂറിസ്റ്റ് വാഹനങ്ങള്‍ക്കുള്ള താത്കാലിക പെര്‍മിറ്റിന് 100 രൂപ വീതമാണ് കൈക്കൂലി. പച്ചക്കറി ലോഡുകള്‍ക്ക് 50 രൂപയും അനധികൃതമായി എം സാന്‍ഡ് കടത്തുവര്‍ക്ക് ലോഡ് ഒന്നിന് 3000 രൂപയുമാണ് നല്‍കേണ്ടത്. സാധാരണ ലോറികളില്‍ എട്ട് കന്നുകാലികളെ മാത്രമേ കയറ്റാന്‍ പാടുള്ളൂവൊണ് നിയമം. എന്നാല്‍, 25ലധികം കന്നുകാലികള്‍ വാഹനത്തിലുണ്ടാകും. ഇതിന് ചെക്ക് പോസ്റ്റില്‍ കോഴ നല്‍കേണ്ടത് 500 രൂപ മത്രം. വലിയ വാഹനങ്ങളിലുള്ള കാലിക്കടത്തിന് 3000 രൂപയാണ് കോഴ. എം സാന്‍ഡ് കടത്തുകാരെ കേരളത്തിലേക്കുള്ള പ്രവേശനം പോലും രേഖപ്പെടുത്താതെയാണ് കടത്തിവിടുന്നത്.
വാളയാറടക്കമുള്ള ചെക്ക് പോസ്റ്റുകളില്‍ ജോലി ലഭിക്കാന്‍ ലക്ഷങ്ങള്‍ വാരിയെറിഞ്ഞാണ് ഉദ്യോഗസ്ഥര്‍ എത്തുന്നത്. ഒരു മാസത്തിനകം മുടക്കുമുതല്‍ തിരിച്ചു പിടിക്കാന്‍ കൈക്കൂലി വാങ്ങുന്നതിലൂടെ സാധിക്കും. കൈക്കൂലി വാങ്ങുന്നതിന് മാഫിയ സംഘത്തെ പോലുള്ള ഏജന്റുമാരെ ചില മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ചെക്ക് പോസ്റ്റുകളില്‍ നിയമിച്ചിട്ടുണ്ട്. കൈക്കൂലി 1000 രൂപയാകുന്ന മുറക്ക് പുറത്തുള്ള ഏജന്റിനെ മൊബൈലില്‍ മിസ്ഡ് കോള്‍ നല്‍കി വിവരം കൈമാറും. തുടര്‍ന്ന് ഓഫീസിലെത്തുന്ന ഏജന്റിന് ചുരുട്ടിയ ആയിരത്തിന്റെ നോട്ട് കൈമാറുന്നതോടെ വിജിലന്‍സ് റെയ്ഡ് ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് രക്ഷപ്പെടാനാകും. വാളയാര്‍ ചെക്ക് പോസ്റ്റില്‍ ഓഫീസിന് പുറത്തുള്ള ഏജന്റിന് കൈക്കൂലിപ്പണം കൈമാറുന്നത് റിമോട്ട് കോളിംഗ് ബെല്ലിലൂടെയാണ്. ബെല്‍സ്വിച്ചമര്‍ത്തിയാല്‍ പരിസരത്തുള്ള ഏജന്റിന്റെ കൈവശമുള്ള മണി മുഴങ്ങും. ഇതോടെ കൈക്കൂലി കൈപ്പറ്റാനുള്ള സന്ദേശം വരികയായി. പകല്‍ സമയങ്ങളില്‍ പ്രൊഫഷണല്‍ ഏജന്റുമാരും രാത്രികാലങ്ങളില്‍ ചെക്ക് പോസ്റ്റുകളിലെ പാചകക്കാരുമാണ് കൈക്കൂലിപ്പണം സൂക്ഷിക്കുന്നതിന്റെ ചുമതലക്കാര്‍. ഇത്തരത്തിലുള്ള അഴിമതി തടയുന്നതിന് മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകളിലും ആര്‍ ടി ഒ ഓഫീസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന് വിജിലന്‍സ് സര്‍ക്കാറിന് അറിയിച്ചിട്ടും ഇതുവരെ നടപടിയായിട്ടില്ല.
ദേശീയപാതകളില്‍ സാധാരണ യാത്രക്കാരെ പിടികൂടുന്നതിന് കോടികള്‍ ചെലവഴിച്ച് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ മോട്ടോര്‍ വാഹന വകുപ്പ് വിജിലന്‍സ് റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഒടുവില്‍ വാളയാറിലെ ഗതാഗതക്കുരുക്കില്‍ അസംതൃപ്തി രേഖപ്പെടുത്തി വിജിലന്‍സിന് മടങ്ങേണ്ടിവരികയായിരുന്നു.

Latest